KERALA NEWS

കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യും : മാര്‍.ജോസഫ് പാംപ്ലാനി

പാണത്തൂര്‍ : കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന അവകാശങ്ങള്‍ അത് നമ്മള്‍ നേടിയെടുക്കുക തന്നെ ചെയ്യുമെന്ന് മാര്‍.ജോസഫ് പാപ്ലാനി. കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന അവകാശ സംരക്ഷണ യാത്ര പാണത്തൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരണം കത്തോലിക്കാ കോണ്‍ഗ്രസ് ഒരു കാര്യം മുന്നോട്ടുവെയ്ക്കുന്നെങ്കില്‍ അത് ന്യായമായ കാര്യമേ ഞങ്ങള്‍ പറയുകയുളളൂ. പറഞ്ഞത് കത്തോലിക്കാ കോണ്‍ഗ്രസ് ആണെയെങ്കില്‍ അത് നേടിയെടുത്ത ശേഷമേ ഞങ്ങള്‍ സമരം അവസാനിപ്പിക്കുകയുളളു എന്ന സത്യം മനസിലാക്കുക.കേരളത്തില്‍ പലനേതാക്കന്മാരും ഈ ദിവസങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസിനേയും സഭാ നേതൃത്വത്തേയും വെല്ലുവിളിക്കുകയുണ്ടായി. ഭയപ്പെടുത്താന്‍ വിചാരിക്കേണ്ട ഞങ്ങള്‍ ഭയപ്പെടുകയില്ലായെന്ന്. ആ നേതാക്കന്മാരോടും ഭരണകൂടങ്ങളോടും ഞങ്ങള്‍ക്ക് പറയാനുളളത് ഞങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നവരല്ല. നിങ്ങള്‍ക്കു ഭയം തോന്നുന്നതിന്റെ കാരണം, പറയുന്നത്് കത്തോലിക്കാ സഭയായതുകൊണ്ടും കത്തോലിക്കാ കോണ്‍ഗ്രസായതുകൊണ്ടുമാണ് നിങ്ങള്‍ ഈ വാക്കുകളെ ഭയപ്പെടുന്നത്. ആവശ്യമില്ലാതെ സമരം ചെയ്ത ചരിത്രം ഞങ്ങള്‍ക്കില്ല. വിമോചന സമരം കാട്ടി ഞങ്ങളെ ഇനി ഭയപ്പെടുത്താമെന്ന് വിചാരിക്കേണ്ട എന്ന് ഒരു മന്ത്രി പറയുകയുണ്ടായി. ബഹുമാനപ്പെട്ട മന്ത്രി വിമോചന സമരം കാണിച്ച് ഞങ്ങളാരെയും ഭയപ്പെടുത്തുകയില്ല. കാരണം വിമോചന സമരം ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. സമാനമായ ഒരാവശ്യത്തിന്റെ സാഹചര്യം നിങ്ങള്‍ സംജാതമാക്കിയാലല്ലാതെ വിമോചന സമരത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്ക് താല്പര്യമില്ല.

വര്‍ഷം 60 കഴിഞ്ഞിട്ടും ഇന്നും വിമോചന സമരത്തെ ഭയപ്പെടുന്നുവെങ്കില്‍ അതിന്റെ കാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ വൈകല്യവും നീതിക്കുവോണ്ടിളള ഈ സമുദായത്തിന്റെ സബ്ദത്തിന്റെ ആത്മാര്‍ത്ഥതയും തമ്മിലുളള അന്തരമാണ് എന്ന് വിചാരിച്ചുകൊളളുക. നാം ഈ സമരം ഇവിടെ ആരംഭിച്ചപ്പോള്‍ തന്നെ നമ്മുടെ ഒരാവശ്യത്തെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുകയാണ് ചെയ്തത്.കാരണം അധ്യാപക നിയമനം, 17000 ത്തോളം വരുന്ന എയ്ഡഡ് സ്‌ക്കുളിലെ അധ്യാപകരുടെ നിയമനം ത്രിശങ്കു സ്വര്‍ഗ്ഗത്തിലാക്കി ഈ ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ 7 കൊല്ലമായി നമ്മളെ അപകടത്തിലാക്കുകയായിരുന്നു. നമ്മുടെ അധ്യാപകര്‍ വേതനമില്ലാതെ ജോലിചെയ്യുകയായിരുന്നു. അത് കേവലം ക്രിസ്ത്യാനികളുടെ വിഷയം മാത്രമല്ല ഞങ്ങള്‍ ഉന്നയിച്ചത്.ജോലി ചെയ്തവന് കൂലികൊടുക്കണമെന്ന് ഇടതുമുന്നണി സര്‍ക്കാരിനോട് പറയാന്‍ കത്തോലിക്കാ സഭ വരേണ്ടിവരുന്നു എന്നുപറയുന്നത് പ്രിയപ്പെട്ട ഇടതു സര്‍ക്കാരെ അതു നിങ്ങളുടെ മൂല്യങ്ങളില്‍ വന്ന ശോഷണത്തിന്റെ ബാക്കി പത്രമാണ് എന്നു പറയാതെ നിവര്‍ത്തിയില്ല. ഏതാണെങ്കിലും നിങ്ങളാക്കാര്യത്തില്‍ സത്യം മനസിലാക്കി തെറ്റ് തിരുത്താന്‍ സന്നദ്ധമായി എന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ അറിയിച്ചതില്‍ ഞങ്ങള്‍ക്കുളള നന്ദിയും സ്‌നേഹവും സര്‍ക്കാരിനെ അറിയിക്കുകയാണ്.
പക്ഷേ വിണ്‍വാക്കുകള്‍ പറഞ്ഞ് ഞങ്ങളെ നിസബ്ദരാക്കാമെന്നും വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരാണ് കത്തോലിക്കാ കോണ്‍ഗ്രസെന്നും തെറ്റിദ്ധരിക്കരുത്. പറഞ്ഞത് സര്‍ക്കാരാണെന്നുളളതുകൊണ്ട് അത് ചെയ്തു കാണിക്കാനുളള ഉത്തരവാദിത്വം നിങ്ങളില്‍ നിന്നും ഞങ്ങള്‍ ന്യായമായും പ്രതീക്ഷിക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍സാറ് നയിക്കുന്ന ഈ ഗവണ്‍മെന്റ്റിനോട് രണ്ട് കാര്യത്തില്‍ നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. നിങ്ങള്‍ കോണ്‍ഗ്രസുകാര്‍ പിണങ്ങരുത് ഉളളകാര്യം ഉളളതായിട്ട് തന്നെ പറയണമല്ലോ. ഒന്നാമത്തെ കാര്യം, ആരെല്ലാം ബഹളം വെച്ചിട്ടും വകുപ്പ് മന്ത്രി തന്നെ എതിര്‍ അഭിപ്രായം പറഞ്ഞിട്ടും ഈ ജനതയുടെ ആവശ്യം ന്യായമാണ് എന്ന് തിരിച്ചറിഞ്ഞ് ഉചിതമായ സമത്ത് വൈകിയാണെങ്കിലും ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങള്‍ നന്ദി പ്രകാശിപ്പിക്കുകയാണ്. നിങ്ങള്‍ കോണ്‍ഗ്രസുകാരാണെങ്കിലും ഒന്നു കൈയടിക്കുന്നതില്‍ കുഴപ്പമില്ല.അത് നമ്മുടെ ആവശ്യമായിരുന്നു. അത് നിറവേറ്റിതന്നു എന്നുളളത് ന്യായമായകാര്യമാണ്. മറ്റൊരു കാര്യം, സര്‍ക്കാര്‍ വന്യജീവി നിയമം പരിഷ്‌ക്കരിച്ചു. പരിഷ്്ക്കരിച്ച കാര്യം നടപ്പിലാവുമോ ഇല്ലയോ? കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിന് വിരുദ്ധമായ ഒരു നിയമം ഈ നിയമസഭയ്ക്കു പാസാക്കാന്‍ പറ്റുമോ എന്നൊക്കെയുളള ആര്‍ഥശങ്കകള്‍ മനസിലാക്കാതെയല്ല ഞാന്‍ പറയുക. പക്ഷേ, അപ്രകാരം ഈ മലയോര കര്‍ഷകര്‍ നാളിതുവരെയും ഹൃദയത്തില്‍ സൂക്ഷിച്ച ഞങ്ങള്‍ സകലമാന യോഗത്തിലും നിന്നു പ്രസംഗിച്ച ഒരു കാര്യം ആ വന്യജീവി സംരക്ഷണ നിയമത്തില്‍ എഴുതിചേര്‍ത്തു എന്നുളളതിന് മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. അത് മറ്റൊന്നുമല്ല മനുഷ്യരെ ആക്രമിക്കുന്ന വന്യജിവികളെ വന്യജീവികളുടെ സംരക്ഷണം നല്‍കി പരിരക്ഷിക്കേണ്ട കാര്യമില്ല. അവയെ തല്ക്ഷണം വെടി വെച്ചുകൊല്ലാന്‍ അവകാശം കൊടുക്കണം എന്ന്. വെടിവെച്ചാലും വെടിവെച്ചില്ലെങ്കിലും അത് പറയാന്‍ ഈ മലയോര കര്‍ഷകന്റെ ശബ്ദത്തിന് നിയമത്തിന്റെ പിന്‍ബലം നല്‍കാന്‍ കാണിച്ച ആര്‍ജവത്തെ ഞങ്ങള്‍ ആദരിക്കുന്നു. എകെസിസി സമ്മേളനത്തില്‍ ഞാന്‍ പറഞ്ഞു : ഞങ്ങളുടെ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഇനിമേലില്‍ ഞങ്ങള്‍ കാട്ടുപന്നികളായി പരിഗണിക്കില്ല മറിച്ച് അവയൊക്കെ ഞങ്ങള്‍ വളര്‍ത്തുന്ന പന്നികളാണ് . അവയെ ഞങ്ങള്‍ ഇഷ്ടംപോലെ ചെയ്യും. ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും ഞങ്ങളുടെ പറമ്പില്‍ കയറി ഞങ്ങള്‍ക്കു നേരെ നിയമനടപടി സ്വീകരിക്കാമെന്ന് വ്യാമേഹിക്കേണ്ട എന്ന്. അപ്പോള്‍ കണ്ണൂരിലെ ഡിഎഫ്ഒ പറഞ്ഞു: പിതാവേ അങ്ങനെയൊക്കെ പ്രസംഗിച്ചാല്‍ ഞങ്ങള്‍ക്കു കേസെടുക്കേണ്ടിവരുമെന്ന്. ഞാന്‍ പറഞ്ഞു: താങ്കള്‍ കേസെടുത്തുകൊളളൂ, ഞങ്ങളെ പിടിച്ച് ജയിലില്‍ ഇട്ടുകൊളളു. ഈ ജനത്തിന്റെ ന്യായമായ ജീവിക്കാനുളള അവകാശത്തിനുവേണ്ടി ജയിലില്‍പോകാനും സന്നദ്ധരായ മേലദ്ധ്യക്ഷന്മാരാണ് സഭയ്ക്കുളളതെന്ന് ഉത്തരവാദിത്വപെട്ടവര്‍ മനസിലാക്കികൊളാനും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *