KERALA NEWS

ഭിന്നശേഷി നിയമന വിഷയത്തില്‍ ഉടന്‍ പരിഹാരമെന്ന് പ്രതീക്ഷ

ചങ്ങനാശേരി : ഭിന്നശേഷി സംവരണ വിഷയത്തില്‍ കുരുങ്ങിയ അധ്യാപക നിയമനത്തിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍. തോമസ് തറയിലുമായി ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കൂടികാഴ്ച നടത്തിയതോടെയാണ് പ്രതിസന്ധി പരിഹാരത്തിന് വഴി തെളിഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച പാണത്തൂരില്‍ നിന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആരംഭിക്കുന്ന അവകാശ സംരക്ഷണ യാത്രയിലെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഈ വിഷയം. 24ന് രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ യാത്ര സമാപിക്കും.
തിങ്കളാഴ്ച ഈ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി,അഡ്വക്കറ്റ് ജനറല്‍,പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ സംബന്ധിക്കും. ഈ യോഗത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടാകാനുളള തീരുമാനം ഉണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനമെടുത്ത് മാനേജുമെന്റുകളെ അറിയിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി മാര്‍. തോമസ് തറയിലിന് ഉറപ്പുനല്‍കിയതായി അറിയുന്നു. ഭിന്നശേഷി നിയമനം നടത്തിയില്ലെന്ന് പറഞ്ഞ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിരുന്നില്ല. പതിനാറായിരത്തോളം അധ്യാപകരാണ് നിയമനാംഗികാരം ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. വിവിധ സംഘടനകള്‍ കടുത്ത സമരത്തിലുമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *