KERALA NEWS

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം : കാസര്‍ഗോഡ് ജില്ലയില്‍ ഇനിയും സാധനങ്ങളെത്തിയില്ല

ചുളളിക്കര : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകുകയും സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുകയും ചെയ്‌തെങ്കിലും കാസര്‍ഗോഡ് ജില്ലയിലെ സപ്ലേക്കോയില്‍ ഇനിയും സാധനങ്ങളെത്തിയില്ല.
എ എ വൈ റേഷന്‍ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 14 ഇനങ്ങള്‍ അടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ് നല്‍കുക.
5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് റേഷന്‍കട വഴിയാകും കിറ്റ് വിതരണം നടക്കുക. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുക. ഇത്തരത്തില്‍ 10,634 കിറ്റുകള്‍ നല്‍കും. സെപ്തംബര്‍ നാലുവരെ കിറ്റ് വാങ്ങാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഓണക്കിറ്റില്‍ പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍ പയര്‍, കശുവണ്ടി,മില്‍മ നെയ്യ്, ഗോല്‍ഡ് ടീ, പായസം മിക്‌സ്, സാ മ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയാണ് ഉണ്ടാകുക.
ഓണക്കാലത്ത് പിങ്ക് കാര്‍ഡുകാര്‍ക്ക് നിലവിലുള്ള വിഹിതത്തിനു പുറമെ അഞ്ചുകിലോ അരിയും നീല കാര്‍ഡുകാര്‍ക്ക് 10 കിലോയും വെള്ളക്കാര്‍ഡുകാര്‍ക്ക് 15 കിലോയും അരി നല്‍കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി ലഭ്യമാക്കുന്നത്. സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ സപ്ലേക്കോയിലെത്തിച്ച് കിറ്റുകളാക്കി റേഷന്‍ കടകളിലെത്തിച്ചാലേ നിശ്ചയിക്കപെട്ടിട്ടുളള ഗുണഭോക്താക്കള്‍ക്ക് യഥാസമയം കിറ്റുകള്‍ വിതരണം ചെയ്യാനാകു. എന്നാല്‍ ജില്ലയിലെ സപ്ലേക്കോയില്‍ ഇന്നുവരെ ഇതിനാവശ്യമായിട്ടുളള സാധനങ്ങള്‍ എത്തിയിട്ടില്ല. ജില്ലയില്‍ കിറ്റുകിട്ടാന്‍ ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *