NATIONAL NEWS

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ സ്ഥിരം കൊണ്ടുപോകുന്ന വസ്തുവിന് ഇനി കര്‍ശന നിയന്ത്രണം

അബുദാബി : യാത്രക്കാര്‍ക്ക് പുതിയ നിയമങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
എന്നാല്‍, പ്രത്യേക നിബന്ധനകളോടെ യാത്രക്കാര്‍ക്ക് എമിറേറ്റ്സ് വിമാനത്തില്‍ പവര്‍ ബാങ്ക് കൊണ്ടുപോകാന്‍ അനുവാദമുണ്ട്. വിമാനത്തിനുള്ളില്‍ വച്ച് ഒരിക്കലും പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ല.
മാത്രമല്ല, വിമാനത്തിനുള്ളില്‍ വച്ച് പവര്‍ ബാങ്കില്‍ നിന്ന് ഫോണോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ പാടില്ല. വിമാനത്തില്‍ നിന്ന് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും പാടുള്ളതല്ല. 100 വാട്ടവേഴ്സിന് താഴെയുള്ള പവര്‍ ബാങ്കുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് കൈവശം വയ്ക്കാവുന്നത്. സീറ്റ് പോക്കറ്റിലോ നിങ്ങളുടെ മുന്നിലുള്ള സീറ്റ് ബാഗിലോ മാത്രമേ വയ്ക്കാന്‍ പാടുള്ളു.
ചെക്ക്ഡ് ലഗേജില്‍ പവര്‍ ബാങ്കുകള്‍ അനുവദനീയമല്ല. സീറ്റിന് മുകളിലുള്ള ഓവര്‍ഹെഡ് സ്റ്റൗജ് ബിന്നില്‍ വയ്ക്കാന്‍ പാടില്ല. സമഗ്രമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് എയര്‍ലൈന്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇത് വിമാനങ്ങളില്‍ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പവര്‍ ബാങ്കുകള്‍ പ്രധാനമായും ലിഥിയം – അയണ്‍ അല്ലെങ്കില്‍ ലിഥിയം – പോളിമര്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും യാത്രകള്‍ക്കിടെ ഇലക്ട്രിക് ഉപകരണങ്ങള്‍ റീച്ചാര്‍ജ് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവ അമിതമായി ചൂടാകുകയോ കേടാകുകയോ ചെയ്താല്‍ ചിലപ്പോള്‍ വലിയ അപകടങ്ങള്‍ക്ക്്് കാരണമായേക്കാം. വിഷവാതകങ്ങള്‍ പരക്കുക, തീപിടിത്തം, സ്ഫോടനം എന്നിവയും ഉണ്ടായേക്കാം.അതിനാലാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഈ പുതിയ സുരക്ഷാ മുന്നൊരുക്കം എടുത്തിരിക്കുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *