കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ഔദ്യോഗിക വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതോടെ ആറ് മണിക്കുള്ളില്‍ പോളിംഗ് ബൂത്തില്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്കിയ ശേഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഇത്തവണ വയനാട്ടില്‍ പോളിംഗ് കുത്തനെ ഇടിഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വയനാട്ടില്‍ പോളിംഗ് 64.53 ശതമാനം മാത്രമാണ്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ തവണ രാഹുല്‍ സ്വന്തമാക്കിയ ഭൂരിപക്ഷത്തിന് മുകളിലേക്ക് ഇക്കുറി നീങ്ങുമെന്ന് കരുതിയ സ്ഥാനത്താണ് പോളിംഗ് കുത്തനെ ഇടിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ആറ് മാസത്തിനിടെ വീണ്ടും വന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ അതൃപ്തി പ്രകടമാക്കുന്നതാണ് വയനാട്ടിലെ പോൡഗ് ശതമാനം. വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന മന്ദഗതി വൈകീട്ടും തുടരുകയായിരുന്നു. പോളിംഗ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ നീണ്ട ക്യൂ കാണാന്‍ കഴിഞ്ഞിരുന്നില്ല, ഉച്ചയോടെ തന്നെ വയനാട്ടിലെ ട്രെന്‍ഡ് ഏറെക്കുറെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. അതേസമയം, ചേലക്കരയില്‍ റെക്കോര്‍ഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് വോട്ടിങ് അവസാനിച്ചിട്ടും നീണ്ട ക്യൂവാണ് പലയിടത്തും കാണാന്‍ കഴിഞ്ഞത്. ചേലക്കരയില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 72.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടുത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ അന്തിമ കണക്കുകള്‍ മറികടക്കാനാണ് സാധ്യത. മൂന്നര വര്‍ഷത്തിന് ശേഷം ചേലക്കരയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ അരയും തലയും മുറുക്കി രംഗത്ത് വന്നു എന്നാണ് ഏറ്റവും ഒടുവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കുറി പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കാണാന്‍ കഴിഞ്ഞത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വൈകീട്ടോടെ തന്നെ മറികടന്നിരുന്നു എന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ മൂന്ന് മുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണ്. അതിനിടെ വയനാട്ടിലെ പോളിംഗ് കുത്തനെ ഇടിഞ്ഞത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവില്‍ പോളിംഗ് കുറഞ്ഞത് പ്രിയങ്കയ്ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ പറയുന്നത്. ഇത് തിരിച്ചടിയാവുക ഇടത് മുന്നണിക്കാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
