രാജപുരം : 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2024 നവംബര്‍ 11, 12, 18, 19, 20 തീയതികളിലായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലും കള്ളാര്‍ എഎല്‍പി സ്‌കൂളിലുമായി 13 വേദികളിലായി നടക്കും. മലയോരത്തിന്റെ മണ്ണിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്ന് വന്ന കലോത്സവത്തെ നാടിന്റെ ഉത്സവമായി നെഞ്ചിലേറ്റി ഒരുങ്ങിയിരിക്കുകയാണ് മലയോര നിവാസികള്‍. മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് വേദികള്‍ ക്രമീകരിക്കുക. 80 ഓളം സ്‌കൂളുകളില്‍ നിന്നായി 3500 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ കലാമാമാങ്കമാണിത്.
കലോത്സവത്തിന് മുന്നോടിയായി നവംബര്‍ 8 വെള്ളിയാഴ്ച കലോത്സവ പ്രചരണാര്‍ത്ഥം വിളംബര റാലി പാണത്തൂര്‍- ഒടയംചാല്‍ ഭാഗത്ത് നിന്നും ആരംഭിക്കും. നവംബര്‍ 17ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കലവറ നിറയ്ക്കല്‍ സാംസ്‌കാരിക ഘോഷയാത്ര കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് സംഘടിപ്പിക്കും. തുടര്‍ന്ന് ജനറല്‍ ചെയര്‍മാനും കള്ളാര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന്റെ അധ്യക്ഷതയില്‍ ഉദ്ഘാടന സമ്മേളനം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, നഗരസഭാ ചെയര്‍പേഴ്സണ്‍മാര്‍, കാഞ്ഞങ്ങാട് പരപ്പ, ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍, എഇഒ മിനി ജോസഫ് എന്നിവര്‍ സംബന്ധിക്കും.
നവംബര്‍ 20ന് ബുധനാഴ്ച വൈകുന്നേരം 4:30ന് സമാപന സമ്മേളനം കാസര്‍കോട്് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ സംബന്ധിക്കും. കാസര്‍കോട് ഡിഡി മധുസൂദനന്‍ ടി വി, അരവിന്ദ കെ, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 5 ദിവസങ്ങളിലായി മോഹനം, നീലാംബരി, ഹംസധ്വനി ചിത്രാംബരി, മലഹരി, തരംഗിണി, കനകാംഗി കാംബോജി, ചന്ദ്രകാന്തം, മല്‍ഹാര്‍, സൂര്യകാന്തം, നാടകപ്രിയ, ശ്രീരഞ്ജിനി എന്നിങ്ങനെ 13 വേദികളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് ജനറല്‍ ചെയര്‍മാന്‍ ടി കെ നാരായണന്‍, ജനറല്‍ കണ്‍വീനര്‍ സജി എം എ, മാലക്കല്ല് സ്‌കൂള്‍ മാനേജര്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട്, കള്ളാര്‍ സ്‌കൂള്‍ മാനേജര്‍ സുബൈര്‍ പി, പബ്ലിസിറ്റി കണ്‍വീനര്‍ വിനീത് വില്‍സണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു.