LOCAL NEWS

പെരിങ്ങോം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉത്സവാഘോഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നു

പെരിങ്ങോം/ പെരിങ്ങോം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉത്സവാഘോഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നു. പെരിങ്ങോം താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആരാധനാലയ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.ആരോഗ്യ ശുചിത്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ഹരിത പെരുമാറ്റ ചട്ടവും ഉത്സവാഘോഷ വേളയില്‍ പൂര്‍ണമായി പാലിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഉത്സവാഘോഷങ്ങള്‍ നടക്കുന്നതിനു മുന്നോടിയായി ഉത്സവാഘോഷ ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറി, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് രേഖാമൂലമുള്ള ഉത്സവാഘോഷ അറിയിപ്പ് നല്‍കും. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം, ആരാധനാലയ ഭാരവാഹികള്‍, തുടങ്ങിയവരുടെ യോഗം ആരാധനാലയത്തില്‍ വച്ച് തന്നെ ഭാരവാഹികള പങ്കെടുപ്പിച്ച് ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് അന്നദാനത്തിന് ഉപയോഗിക്കുന്ന കുടിവെള്ളം വാര്‍ഡിന്റെ ചുമതലയുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശേഖരിച്ച് സീല്‍ ചെയ്തു കേരള വാട്ടര്‍ അതോറിറ്റിയുടെ ഗുണനിലവാര പരിശോധന ലാബില്‍ അയക്കും. സമീപത്തുള്ള കുടിവെള്ള സ്രോതസ്സ് ആശാവര്‍ക്കറുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്യും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് ഹരിത കര്‍മ്മ സേനക്ക് കൈമാറും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി ആരോഗ്യ ശുചിത്വം ഉറപ്പുവരുത്തും. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് എന്നിവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കും. പകരം സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ ഗ്ലാസ് വാഴയില എന്നിവ ഉറപ്പ്വരുത്തും.
പ്രസിഡണ്ട് വി.എം.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രാജന്‍കുട്ടി, സെക്രട്ടറി പങ്കജാക്ഷന്‍, സ്വപ്ന ‘കെ ആശംസകള്‍ നേര്‍ന്നു. രാജീവ് ടി.എം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി. രവീന്ദ്രന്‍ സ്വാഗതവും സന്തോഷ് ഇ.വി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *