ശബരിമല മണ്ഡല-മകരവിളക്ക് കാല തീര്‍ത്ഥാടനത്തിന് സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പും. തീര്‍ത്ഥാടനത്തിനായി എത്തുന്ന എല്ലാ ഭക്തര്‍ക്കും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഈ വര്‍ഷത്തെ തീര്‍ത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതല്‍ ബെഡ്ഡുകള്‍
ശബരിമലയിലേയും പരിസരത്തേയും ആശുപത്രികളില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ 30 ബെഡുകളും കാഷ്വല്‍റ്റിയില്‍ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലും തീര്‍ത്ഥാടകര്‍ക്കായി ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും ബെഡ്ഡുകള്‍ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കലക്ടറേറ്റ്, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോണ്‍ കണക്ഷനും ലഭ്യമാക്കും. ഇതുവഴി അടിയന്തരഘട്ടങ്ങളില്‍ രോഗികളെ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്ക് മുന്‍കൂറായി തയ്യാറാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പ്രത്യേക സേവനം ഹൃദ്രോഗം, മറ്റ് ദീര്‍ഘകാല അസുഖങ്ങള്‍ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവര്‍ ആരോഗ്യരേഖകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം. വടശ്ശേരിക്കരയില്‍ ആരോഗ്യ കേന്ദ്രം ശബരിമല പാതയില്‍ നിന്നും മാറിയായതിനാല്‍ റാന്നി എംഎല്‍എ അഭ്യര്‍ത്ഥിച്ചപ്രകാരം വടശ്ശേരിക്കരയില്‍ തീര്‍ത്ഥാടകര്‍ വരുന്ന വഴിയില്‍ ഡോക്ടര്‍മാരുടെ സേവനം പ്രത്യേകം ലഭ്യമാക്കും. ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജലത്തിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിശോധിക്കണം. ഭക്ഷ്യസാധനങ്ങളും പരിശോധന വിധേയമാക്കണം. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി പൊതുശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പാക്കണം.
ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം
ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വ്യാജമായി നിര്‍മ്മിച്ച ഹെല്‍ത്ത് കാര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍മ്മിച്ചവര്‍ക്കും ഉപയോഗിച്ചവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ശബരിമലയില്‍ സേവനത്തിന് എത്തുന്ന വോളന്റിയര്‍മാര്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട്, സിപിആര്‍ എന്നിവയില്‍ പരിശീലനം നല്‍കും. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേകം ഷെഡ്യൂള്‍ തയ്യാറാക്കും. വൈദ്യുതി തടസ്സവും വോള്‍ട്ടേജ് വ്യതിയാനങ്ങളും ആരോഗ്യ ഉപകരണങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കെഎസ്ഇബി ശ്രദ്ധ നല്‍കണം. നവംബര്‍ 10 ന് അകം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.