KERALA NEWS

പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ ഊര് എന്ന പേര് നിലനിര്‍ത്തണം : ആവശ്യവുമായി പട്ടികവര്‍ഗ്ഗ സംഘടനകള്‍

രാജപുരം : പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലയിലെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും ഊര് എന്ന വാക്ക് നിലനിര്‍ത്തണമെന്ന് വിവിധ പട്ടികവര്‍ഗ്ഗ സംഘടനകള്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചരിത്രപരമായും നാഗരികവുമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത ഒരു പൊതു സംസ്‌കാരമുള്ള ആദിമ സമൂഹത്തെയാണ് പട്ടിക വര്‍ഗ്ഗക്കാര്‍ എന്ന് വിളിക്കുന്നത്. ഇതില്‍ തന്നെ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ എന്ന വിഭാഗവും കൂടിയുണ്ട്. ഇങ്ങനെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന സ്ഥലത്തെയാണ് കേരളത്തില്‍ ഊര് എന്ന് വിളിക്കുന്നത്. ഓരോ ആദിവാസി മേഖലകളുടെയും ത്രിതല പഞ്ചായത്ത് പദ്ധതികളും വനാവകാശ ഗ്രാമസഭകളുടെയും പ്രാക്തന ഗോത്ര പദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പരമാധികാര സമിതിയാണ് ഊരുകൂട്ടം. ആയതുകൊണ്ട് തന്നെ വിവിധ പദ്ധതികള്‍ക്കായി ലഭിക്കുന്ന കേന്ദ്ര സഹായവും സംസ്ഥാന പട്ടികവര്‍ഗ്ഗ പദ്ധതികളെയും സര്‍ക്കാരിന്റെ ഈയൊരു പേരുമാറ്റം പ്രതികൂലമായി ബാധിക്കുമെന്നും സംഘടനാ നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വിവിധ പട്ടികവര്‍ഗ്ഗ സംഘടനകള്‍ക്ക് വേണ്ടി ഷിബു പാണത്തൂര്‍ (ഗോത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം), കൃഷ്ണന്‍ മൂപ്പില്‍ (ദളിത് സമുദായ മുന്നണി), ശങ്കരന്‍ മുണ്ടമാണി (മലവേട്ടുവ മഹാസഭ), നാരായണന്‍ കണ്ണാടിപ്പാറ ( കേരള ആദിവാസി ഫോറം), കെ.വി രാധാകൃഷ്ണന്‍ (പി.ആര്‍.ഡി.എസ്), ഷീബ കെ (ദളിത് മഹാസഭ), ഗോപി കുതിരക്കല്ല് (സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം), രാഘവന്‍ പരപ്പച്ചാല്‍ (ഗോത്ര ജനത), ചന്ദ്രന്‍ (ഗോത്ര ജനത)എന്നിവരാണ് നിവേദനത്തില്‍ ഒപ്പ് വച്ചിട്ടുള്ളത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *