KERALA NEWS

നെടുമ്പാശേരിയില്‍ മനുഷ്യബോംബെന്ന് ഭീഷണി, യാത്രക്കാരനെ പൊലിന് കൈമാറി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. വിമാനം ഇതേ തുടര്‍ന്ന് അരമണിക്കൂറിലേറെ വൈകി. ഇന്ന് വൈകീട്ട് 3,50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. അതേസമയം ഇയാളെ സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താന്‍ സാധിച്ചില്ല. മഹാരാഷ്ട്ര സ്വദേശിയായ വിജയ് മന്ദാനയെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഇയാളെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. മുംബൈ വിസ്താര ഫ്ളൈറ്റിലായിരുന്നു മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജ ഭീഷണി. തുടര്‍ച്ചയായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പരിശോധനയ്ക്കിടെ വിജയ് മന്ദാന തന്നെ ചെക്ക് ചെയ്യരുതെന്നും, താന്‍ മനുഷ്യ ബോംബാണെന്നും പറയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റിയാണ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ വിഭാഗത്തില്‍ സന്ദേശം എത്തുന്നതിന് മുമ്പേ വിമാനങ്ങല്‍ പുറപ്പെട്ടിരുന്നു. അതേസമയം വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി വരുന്ന വ്യാജ ബോംബ് ഭീഷണിയില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ഭീഷണി സന്ദേശം അയക്കുന്നവര്‍ക്കെതിരെ ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *