KERALA NEWS

തീരദേശ പരിപാലന പ്ലാന്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് അനുമതി നല്‍കിയത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരമേഖലയ്ക്കാണ് ഇതിന്റെ ഗുണഫലം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളില്‍ ഇളവ് നേടിയെടുക്കാന്‍ ഇതിലൂടെ കഴിഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകള്‍ക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടു വിച്ചിരുന്നു. ഈ ഇളവുകള്‍ പൂര്‍ണ്ണമായും സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഒരു മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കിയത്.

കരട് പ്ലാനിന്റെ ആനുകൂല്യം പൂര്‍ണ്ണമായി ലഭിക്കുവാന്‍ 10 തീരദേശ ജില്ലകളില്‍ പൊതുജനാഭിപ്രായം കൂടി തേടിയിരുന്നു. ഇതില്‍ ലഭിച്ച 33,000-ത്തോളം പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കരട് പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചെന്നൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റിന് (NCSCM) കൈമാറിയിരുന്നു. പ്രസ്തുത സ്ഥാപനം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയ കരട് തീരദേശ പരിപാലന പ്ലാന്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. പഞ്ചായത്തുകളുടെ സോണ്‍ മാറ്റം ഉള്‍പ്പെടെ
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മിക്കതും അംഗീകരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് പ്രധാന നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *