രാജപുരം : കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കളളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയിലെ യഥാര്‍ത്ഥ കര്‍ഷകരെ ഉള്‍പ്പെടുത്തിയാണ് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി വാട്‌സാപ്പ് കുട്ടായ്മയായി പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘമാണ് കര്‍ഷകരുടെ വിവിധങ്ങളായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍കൂടി ലക്ഷ്യമിട്ട് ചാരിറ്റബിള്‍ സൊസൈറ്റി രുപീകരിച്ചത്. സൊസൈറ്റി ഭാരവാഹികളായി രഞ്ജിത്ത് നമ്പ്യാര്‍ (പ്രസിഡന്റ്), സിബി എംപി (സെക്രട്ടറി), ഷിനോ ഫിലിപ്പ് (ട്രഷറര്‍), അനീഷ് മാത്യു (വൈസ് പ്രസിഡന്റ് ), വേണുഗോപാല്‍ കരിങ്ങോളി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
കര്‍ഷക മേഖലയുടെ സമഗ്ര വികസനം, നിയമപരമായി ലഭിക്കാനുള്ള കാര്‍ഷിക ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുക, കൃഷിവകുപ്പ് നല്‍കുന്ന വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കല്‍, പൂര്‍ണ്ണമായും ലാബ് ടെസ്റ്റ് ചെയ്ത വളം മാത്രം കൃഷിക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കല്‍, പി എം കെ എസ് വൈയിലൂടെ യന്ത്രവത്കരണം നടപ്പിലാക്കുക, കര്‍ഷകന്റെ ഉത്പന്നം വില്‍ക്കാന്‍ വിപണി കണ്ടെത്തുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങളെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷി ഡിപ്പാര്‍ട്ടുമെന്റ് നല്‍കുന്ന വിത്ത്, വളം,നടീല്‍ വസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുകയും നിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ നിയമനടപടിസ്വീകരിച്ച്് മുന്നോട്ടുപോകാന്‍ കര്‍ഷകരെ സഹായിക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നത്തിന് പരമാവധി വിലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രത്യേക കേന്ദ്രം തുറക്കാന്‍ നടപടി സ്വീകരിക്കും. സൊസൈറ്റിയില്‍ അംഗമാകാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ സൊസൈറ്റിയുടെ 11 അംഗകമ്മറ്റിയുടെ പരിശോധനയില്‍ അപേക്ഷകന്‍ യഥാര്‍ത്ഥ കര്‍ഷകനാണെന്ന് തെളിഞ്ഞാലേ അംഗത്വം ലഭിക്കുകയുളളുവെന്നും ഭാരവാഹികള്‍ പറഞ്ഞു. സൊസൈറ്റിയുടെ ഉദ്ഘാടനം ഈ മാസം നടക്കും.
പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാര്‍, സെക്രട്ടറി സിബി എംപി, ട്രഷറര്‍ ഷിനോ ഫിലിപ്പ്, ജോയിന്‍ സെക്രട്ടറി വേണുഗോപാല്‍ കരിങ്ങോളി, സമിതി അംഗം മധുസൂദനന്‍ മുണ്ടമാണി, എക്‌സിക്യൂട്ടീവ് അംഗം രാജീവന്‍ എംകെ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍സംബന്ധിച്ചു.