മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍. നാല് മണിക്ക് ബിജെപി നേതാക്കള്‍ ശ്രീലേഖയുടെ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയത്. സംസ്ഥാനത്തെ ധീരവനിതയാണ് ശ്രീലേഖയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കുറെക്കാലമായി ബിജെപി നേതാക്കള്‍ തന്നോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് ശ്രീലേഖ പറഞ്ഞു. കേന്ദ്ര, സംസ്ഥാന നേതാക്കള്‍ ശ്രീലേഖയോട് ഫോണില്‍ സംസാരിച്ചിരുന്നു. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് ശ്രീലേഖ. മുന്‍ ഡിജിപിമാരായ സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ നേരത്തെ സംഘപരിവാര്‍ പാളയത്തില്‍ എത്തിയിരുന്നു. എഡിജിപി അജിത് കുമാറിന്റെ ആര്‍ എസ് എസ് ബന്ധം ചര്‍ച്ചയാകുന്നതിനിടെയാണ് പൊലീസിലെ ഉന്നത പദവി വഹിച്ചിരുന്നയാള്‍ ബി ജെ പിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ് ശ്രീലേഖ. കേരള ജയില്‍ ഡിജിപി, ഗതാഗത കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ. കോട്ടയം, ചേര്‍ത്തല, എന്നിവിടങ്ങളില്‍ എഎസ്പിയായിരുന്നു. 1991 ല്‍ ആണ് ആണ് ആലപ്പുഴയില്‍ എസ്പിയാകുന്നത്. ഇതോടെ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി മാറി. പിന്നീട് പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും എസ്പിയായി. പൊലീസ് ആസ്ഥാനത്ത് എഐജിയായും നാല് വര്‍ഷത്തോളം സിബിഐ കൊച്ചി യൂണിറ്റിലും സേവനമനുഷ്ഠിച്ചു. എറണാകുളം റെയിഞ്ച് ഡിഐജി, ക്രൈംബ്രാഞ്ച് ഐജി., വിജിലന്‍സ്, ഇന്റലിജന്‍സ് എഡിജിപി, ജയില്‍ മേധാവി എന്നി നിലകളിലും പ്രവര്‍ത്തിച്ചു. 2020 ഡിസംബര്‍ 31-നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഭര്‍ത്താവിന്റെ ബിജെപി അനുഭാവം നേരത്തെ തന്നെ ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
