മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടത്തിയ പത്രസമ്മേളത്തിനിടെ നടത്തിയ അധിക്ഷേപപരമായ പരാമര്‍ശങ്ങളിലാണ് അന്‍വര്‍ മാപ്പ് പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അന്‍വറിന്റെ ക്ഷമ പറച്ചില്‍. വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദിക്കുന്നു എന്നാണ് അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രീ, അങ്ങയോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അന്‍വര്‍ പങ്കുവച്ച വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നത്. ‘പ്രിയമുള്ളവരേ..ഏകദേശം രണ്ട് മണിക്കൂറുകള്‍ക്ക് മുന്‍പ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഞാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയൊരു നാക്ക് പിഴ സംഭവിച്ചിു ഞാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്’ അന്‍വര്‍ പറയുന്നു. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കുറിച്ച്, മുഖ്യമന്ത്രിയോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും ഞാന്‍ മറുപടി പറയും എന്നൊരു പ്രസ്താവന എന്റെ വായില്‍ നിന്ന് വീണുപോയിട്ടുണ്ട്. ഒരിക്കലും ഞാന്‍ ആ രീതിയില്‍ അപ്പന്റെ അപ്പന്‍ എന്ന അര്‍ത്ഥത്തില്‍ അല്ല ഉദ്ദേശിച്ചത്.’ അന്‍വര്‍ തന്റെ വീഡിയോയിലൂടെ പറഞ്ഞു. ‘എന്നെ കള്ളനാക്കി കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസ്താവന, അത് മുഖ്യമന്ത്രിയുടെ മേലെയുള്ള എത്ര വലിയവര്‍ ആണെങ്കില്‍ പോലും ഞാനതില്‍ പ്രതികരിക്കും, മറുപടി പറയും എന്ന അര്‍ത്ഥത്തിലാണ് സത്യത്തില്‍ ഞാനത് പറഞ്ഞത്. വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ അങ്ങേയറ്റത്തെ ഖേദമുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും കുടുംബത്തോടും ആ വിഷയത്തില്‍ ഞാന്‍ ആത്മാര്‍ഥമായി മാപ്പ് പറയുകയാണ്’ അന്‍വര്‍ പറയുന്നു. നിലവില്‍ സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും അകല്‍ച്ചയില്‍ തന്നെ ആണെങ്കിലും അന്‍വറിന്റെ ക്ഷമാപണം അണികളെ കൈയിലെടുക്കാനുള്ള തന്ത്രമായാണ് വിലയിരുത്തല്‍. നേരത്തെയും പാര്‍ട്ടി നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുമ്പോഴും പ്രവര്‍ത്തകരെ മറുകൈ കൊണ്ട് തലോടിക്കൊണ്ടാണ് അന്‍വര്‍ പ്രതികരണങ്ങള്‍ നടത്തിയത്. സിപിഎമ്മിലെ തന്നെ പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുക എന്നതാവും ഇനി അന്‍വറിന്റെ ലക്ഷ്യമെന്ന് കരുതുന്നു. അതിന് മുന്നോടിയായാണ് സമൂഹ കൂട്ടായ്മ ഉള്‍പ്പെടെ അദ്ദേഹം രൂപീകരിച്ചത്. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ അന്‍വറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമോ എന്നാണ് ഇടത് കേന്ദ്രങ്ങളും ഉറ്റുനോക്കുകയാണ്.
