KERALA NEWS

രക്ഷാപ്രവര്‍ത്തനം പ്രസ്താവന: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസിനിടെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിലാണ് കോടതി നടപടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് കോടതി ഇടപെടല്‍. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് അന്വേഷണ ചുമതല. അവര്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസാണ് സ്വകാര്യ അന്യായം നല്‍കിയത്. തുടര്‍ന്നാണ് ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ സംഭവത്തിന് ആധാരമായ പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും നിരന്തരം സമരം നടത്തിവരികയും വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത സമയമായിരുന്നു ഇത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയിരുന്നു. തളിപ്പറമ്പിലേക്ക് നവകേരള സദസ് പരിപാടിക്ക് പോയ മുഖ്യമന്ത്രിക്കെതിരെ പഴയങ്ങാടിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഈ സമയത്ത് അവിടെയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത് രക്ഷാപ്രവര്‍ത്തനം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഷയം പ്രതിപക്ഷം സഭയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയപ്പോഴും ഇതേ നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനിന്നു. ബസിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാവുമെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. തീവണ്ടിക്ക് മുന്നില്‍ ചാടുന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടെ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉദ്ധരിച്ചിരുന്നു. ഡിവൈഎഫ്‌ഐ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനം ആണെന്നും അതിനിയും തുടരണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശവുമായി രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കൂടിയായ ഷിയാസ് കോടതിയെ സമീപിച്ചത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം സിപിഎമ്മിന് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്. അതേ പിണറായി വിജയന്റെ കീഴിലുള്ള പോലീസ് നടത്തുന്ന അന്വേഷണത്തില്‍ എത്രമാത്രം സുതാര്യത ഉണ്ടാവുമെന്നാണ് സംശയമുയര്‍ത്തുന്നത്. അതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറണമെന്ന ആവശ്യവും ഉയര്‍ന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *