എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. പകരം ചുമതല മനോജ് എബ്രഹാമിന് മാറ്റിയെങ്കിലും എപി ബറ്റാലിയന്റെ ചുമതല തുടരും. സേനയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനോ സസ്പെന്‍ഷനിലേക്കോ സര്‍ക്കാര്‍ പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വളരെ കരുതലോടെയുള്ള നടപടിയാണ് അജിത് കുമാറിനെതിരെ സ്വീകരിച്ചിരിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കാന്‍ ഇരിക്കുന്നതിനിടെയാണ് നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്. രാത്രിയില്‍ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയതോടെ തന്നെ അജിത് കുമാറിനെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇത്ര വലിയ ആരോപണം നേരിട്ടിട്ടും കടുത്ത നടപടിയുണ്ടായില്ല എന്നതും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എഡിജിപിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയുണ്ടായത്. ആര്‍എസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ വിശദീകരണം ഡിജിപി നേരത്തെ തള്ളിയിരുന്നു. റിപ്പോര്‍ട്ടില്‍ അജിത് കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചടക്കം പരാമര്‍ശമുണ്ടായിരുന്നു. പിവി അന്‍വര്‍ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പോലീസിന് അന്വേഷണ വീഴ്ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തില്‍ അന്വേഷണ വീഴ്ച്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ഈ രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അതേസമയം അജിത് കുമാറിനെതിരെയുള്ളത് ഉചിതമായ നടപടിയെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. എല്‍ഡിഎഫിന്റെ വിജയമാണിത്. സിപിഐ ആവശ്യം നിറവേറ്റപ്പെട്ടു. നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എഡിജിപിയെ എന്തിന് മാറ്റിയെന്ന് പറയാതെയാണ് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. നേരത്തെ എഡിജിപിക്കെതിരെ നടപടി വേണമെന്ന് സിപിഐ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടാവണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ആര്‍എസ്എസ് കൂടിക്കാഴ്ച്ചയാണ് നടപടിക്ക് കാരണമായതെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടുമില്ല.