രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങുകയാണ് മലനാട് വികസന സമിതി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ചക്ര സ്തംഭന സമരവും ബളാംതോട് ഏകദിന ഉപവാസ സമരവും നടത്തും.
മലയോര പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, കോടോം -ബേളൂര്‍ പഞ്ചായത്തുകളുടെ വികസന മോചന പോരാട്ടമായി ഈ സമരം മാറ്റുവാന്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹായസഹകരണവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ബളാംന്തോട് നടക്കുന്ന ഏകദിന ഉപവാസവും ചക്രസ്തംഭന സമരവും ഡോ. സിനോഷ് സക്കറിയ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയാകും. പനത്തടി,കളളാര്‍ പഞ്ചായത്തു പ്രസിഡന്റുമാരായ ടി.കെ നാരായണന്‍,പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷിനോജ് ചാക്കോ, അഡ്വ. സരിത ബാബു, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രാജപുരം ഫെറോന വികാരി റവ:ഫാദര്‍ ജോസ് അരിച്ചിറ,സമരത്തിന് പിന്‍ന്തുണ പ്രഖ്യാപിച്ച വിവിധ സന്നദ്ധ സംഘടനാ നേതാക്കള്‍ വിവിധ സമയങ്ങളില്‍ പ്രസംഗിക്കും. തുടങ്ങിയവര്‍ സംബന്ധിക്കും. സൂര്യനാരായണ ഭട്ട് അധ്യക്ഷനാകും.
ഒക്ടോബര്‍ 7 നു ശേഷം മലനാട് വികസന സമിതി പ്രതിനിധികള്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കിഫ്ബി ഡയറക്ടര്‍ അബ്രഹാം, കിഫ്ബി ടെക്‌നിക്കല്‍ ചീഫ് എന്നിവരെ കണ്ട് സംസ്ഥാനപാതയുടെ നവീകരണം അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടും. തുടര്‍നടപടികള്‍ നീട്ടിക്കൊണ്ടു പോയാല്‍ മലയോര ജനതയെ ഒന്നടങ്കം തെരുവിലറക്കി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
കുടിയേറ്റ ജനതയോടും തദ്ദേശീയരായ ബഹുജനങ്ങളോടും ഭരണവര്‍ഗ്ഗവും ജനപ്രതിനിധികളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കാണിക്കുന്ന കടുത്ത അവഗണനയും അനാസ്ഥയും വികസന മുരടിപ്പും വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മലനാട് വികസന സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ചക്ര സ്തംഭന സമരത്തില്‍ പ ങ്കെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട്, വൈസ് ചെയര്‍മാന്‍ കെ കെ സജി, ജനറല്‍ സെക്രട്ടറി ബി അനില്‍കുമാര്‍, ട്രഷറര്‍ അജി ജോസഫ്, കമ്മിറ്റി അംഗം ആര്‍ സി രജനീദേവി എന്നിവര്‍ സംബന്ധിച്ചു.