ചീമേനി: ചീമേനി ടൗണില്‍ രാവിലെ കുഴഞ്ഞുവീണ കലാകാരന്റെ ജീവന്‍ രക്ഷിച്ച് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍. സപ്തംബര്‍ -29 ലോകഹൃദയ ആരോഗ്യദിനത്തിന്റെ ഭാഗമായി കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം, ചീമേനി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, ജിഎച്ച്എസ്എസ് ചീമേനി എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കൂട്ട നടത്തത്തിന്റെ തയ്യാറെടുപ്പിനിടയിലാണ് പ്രശസ്ത നാടക കലാകാരന്‍ അശോകന്‍ പെരിങ്ങാര ടൗണില്‍ കുഴഞ്ഞുവീണത്. ഉടനെ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍, മറ്റ് നാട്ടുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഓടിയെത്തുകയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ ശാസ്ത്രീയമായ പ്രഥമശുശ്രൂഷ നല്‍കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തു. കുറച്ചു നേരം ചീമേനി ടൗണിലെ നാട്ടുകാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ രംഗം യഥാര്‍ത്ഥത്തില്‍ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും NSS യൂണിറ്റും ചേര്‍ന്ന് ഒരുക്കിയ മോക്ഡ്രില്‍ ആയിരുന്നു. നാടകകലാകാരന്‍ അശോകന്‍ പെരിങ്ങാര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസീത വി,ഷോര്‍ട്ട് ഫിലിം സംവിധായകന്‍ സജിത്ത് കെ രാജീവ് ഞണ്ടാടി, ആംബുലന്‍സ് ഡ്രൈവര്‍ സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ രംഗാവിഷ്‌കാരത്തിനൊടുവില്‍ ഹൃദയാരോഗ്യ ദിനത്തിന്റെ പ്രാധാന്യവും ഹൃദയസംരക്ഷണത്തിനായി എടുക്കേണ്ട മുന്‍കരുതല്‍, ശാസ്ത്രീയമായ പ്രഥമശുശ്രൂഷയുടെ പ്രാധാന്യം എന്നിവ കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ലിന്റ എച്ച് ജനങ്ങളോട് വിശദീകരിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന കൂട്ടനടത്തം ഗ്രാമ പഞ്ചായത്ത് ആരോഗ്യം -വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശശിധരന്‍ പ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ എം , ലത കെ പി, ശശികല എന്നിവരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ പ്രസന്ന പി പി, എം എല്‍ എസ് പി ദിവ്യ പി പി ,എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഉഷ ടി.കെ , എന്‍എസ്എസ് വളണ്ടിയര്‍മാര്‍, അദ്ധ്യാപകര്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍, ലോഡിംഗ് തൊഴിലാളികള്‍,വാര്‍ഡ് സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,ക്ലബ് അംഗങ്ങള്‍ എന്നിവര്‍ കൂട്ടം നടത്തത്തിന്നേതൃത്വംനല്‍കി.