കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കെ പി കെ എസ് യു,യൂത്ത് കോണ്‍ഗ്രസ്സ്,കോണ്‍ഗ്രസ്സ് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി തിളങ്ങിയ വ്യക്തിത്വമാണ്.കെ പി സി സി വൈസ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയ കാലം മുതല്‍ ലീഡര്‍ കെ കരുണാകാരന്റെ ഓമനയായിരുന്ന കെ പി അദ്ദേഹത്തിന്റെ തലോടലും സ്വന്തം സിദ്ധിയും കൈമുതലാക്കിയാണ് വളര്‍ന്നത്.ഇന്നത്തെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ കരുത്തനായ കെ സി വേണുഗോപാല്‍ കരുണാകാരനുമായടുക്കുന്നതും വളര്‍ച്ചയുടെ പടവുകള്‍ കയറുന്നതും കെ പി യിലൂടെയായിരുന്നു.കെ.കരുണാകാരനുമായുണ്ടായിരുന്ന പിരിയാനാവാത്ത അടുപ്പം തന്നെയാണ് അദ്ദേഹത്തെ ഡി ഐ സി യിലേക്കെത്തിച്ചതും. 87 ല്‍ ഉദുമയില്‍ കന്നിയംഗം കുറിച് അട്ടിമറി വിജയം നേടിയ കെ പി ജില്ലയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായതാണ് പിന്നീടുള്ള തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ വിജയിക്കാനാവാതെ പോയതിന് കാരണമായിത്തീര്‍ന്നത്.സൗമ്യവും സ്‌നേഹമസൃണവുമായ പെരുമാറ്റത്തിലൂടെ ആരുടേയും മനസ്സ് കീഴ്‌പെടുത്താന്‍ കഴിഞ്ഞ വ്യക്തിത്വമാണ് കെ പി യുടേത്.
കെ പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം.10.30 മുതല്‍ 11.30 മണിക്ക് കണ്ണൂര്‍ ഡിസിസി ഓഫീസ് .ഉച്ചയ്ക്ക് 1 മണിക്ക്
ഡിസിസി കാസര്‍ഗോഡ്. 2 മണിക്ക് കാസര്‍ഗോഡ് നിന്ന് വിലാപയാത്രയായി വൈകുന്നേരം 5 മണിയോടുകൂടി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ എത്തിച്ചേരും