നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തി. ചോദ്യം ചെയ്യലിനായാണ് ഇടവേള ബാബുവിനെ എസ് ഐ ടി വിളിപ്പിച്ചത്. കൊച്ചിയിലുള്ള കോസ്റ്റല്‍ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. ഇവിടേക്കാണ് ഇടവേള ബാബു എത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ ഐ ജി പൂങ്കുഴലിയും ഇവിടെ എത്തിയിട്ടുണ്ട്. ഇടവേള ബാബുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയാണ് ഇടവേള ബാബുവിനെതിരെ പരാതി നല്‍കിയത്. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറി എന്നാണ് പരാതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന മറ്റൊരു പരാതിയും ഇടവേള ബാബുവിനെതിരെ ഉണ്ട്. ഈ കേസുകളില്‍ നേരത്തെ തന്നെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാലും ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയയ്ക്കാനാണ് സാധ്യത.
