LOCAL NEWS

ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളില്‍ ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു

രാജപുരം : ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളിലായി അഖില കേരള തന്ത്രി സമാജവും ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മഹായജ്ഞവും വൃക്ഷപൂജയും നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 28ന് രാവിലെ 7 മണിക്ക് മഹായജ്ഞം. തുടര്‍ന്ന് നക്ഷത്ര അധിദേവത പൂജ, നക്ഷത്ര ഇഷ്ട ദേവത പൂജ എന്നിവ നടക്കും. സര്‍വ്വ ഐശ്വര്യത്തിനും സര്‍വ്വ വിഘ്ന പരിഹാരത്തിനും 32 ഭാവത്തിലുള്ള ഗണപതിയെ സ്മരിച്ചുകൊണ്ട് ഒരേസമയം 32 ഹോമകുണ്ഡത്തിലായി 32 ആചാര്യന്മാര്‍ ചേര്‍ന്ന് നടത്തുന്ന ഗണപതിഹാമം ബുദ്ധിയുടെയും സിദ്ധിയുടെയും ശ്രദ്ധയുടെയും ഇരിപ്പിടമായ മഹാഗണപതിയെ 32 ഭാവങ്ങളില്‍ സങ്കല്‍പ്പിക്കപ്പെടുന്നു. ഓരോരുത്തരും അവരവരുടെ നക്ഷത്ര പ്രകാരമുള്ള ഗണേശരൂപം സങ്കല്‍പ്പിച്ചു പ്രാര്‍ത്ഥിച്ചാല്‍ അതിവേഗം തടസ്സങ്ങള്‍ അകലും എന്നാണ് വിശ്വാസം. അന്നേദിവസം രാവിലെ 11 മണിമുതല്‍ സത്സംഗം, കലാപരിപാടികള്‍, അനുമോദന, പുസ്തക പ്രകാശനം, ഭഗവതിസേവ എന്നിവ നടത്തും.
കൂടാതെ ഉത്തരം മേഖല നേതൃത്വം നല്‍കുന്ന പൂജാപഠനം പഠിതാക്കളുടെയും ടിവിഎസ്ആര്‍സി, വിചാരസത്രം, അന്തര്‍ജനസഭ, സംസ്‌കൃത പഠനം, വാസ്തുപഠനം, ജ്യോതിഷ പഠനം, വേദപഠനം, സമാനമസ്തുവോ മന: വാതായനം ഗ്രൂപ്പുകളുടെ സംഗമം, പൂജ, ഹോമം തുടങ്ങിയവയും ക്ഷേത്രസന്നിധിയില്‍ നടക്കും.
29ന് രാവിലെ 7 മണി മുതല്‍ വൃക്ഷ പൂജ. 8 മണിമുതല്‍ ഓരോ നക്ഷത്രക്കാരും സ്വന്തം നക്ഷത്രവൃക്ഷം നടും. ഓരോ നക്ഷത്രക്കാരും അവരവരുടെ നക്ഷത്രവൃക്ഷം ഭഗവാന്റെ സന്നിധിയില്‍ നട്ടു പരിപാലിക്കുന്നത് സമ്പത്തും ആയുസ്സും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാന്‍ ഇടവരുന്നതിനോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുക, പരിപാലിക്കുക എന്ന ശ്രേഷ്ഠമായ ലക്ഷ്യം കൂടി പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണി മുതല്‍ അഖിലകേരള തന്ത്രിസമാജം ഉത്തരമേഖല വാര്‍ഷിക സമ്മേളനവും നടക്കും.
തന്ത്രി സമാജം ഉത്തരമേഖല സെക്രട്ടറി എടക്കഴിപ്പുറം ശ്രീരാമന്‍ നമ്പൂതിരി, തന്ത്രിസമാജം അംഗവും യജ്ഞം സഹരക്ഷാധികാരിയുമായ രാംദാസ് വാഴുന്നവര്‍,ക്ഷേത്രം സെക്രട്ടറി അശോകന്‍ പി, ജോയിന്റ് സെക്രട്ടറി പി കൃഷ്ണന്‍, ഖജാന്‍ജി എം സത്യനാഥന്‍, ക്ഷേത്രം വൈസ് പ്രസിഡന്റ് പുഷ്പ എം, മാതൃസമിതി പ്രസിഡന്റ് ഓമന ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍സംബന്ധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *