KERALA NEWS

മലപ്പുറത്ത് സ്ഥിരീകരിച്ചത് എം പോക്‌സിന്റെ അതിവേഗം വ്യാപിക്കുന്ന വകഭേദം; അപകടകാരി

മലപ്പുറത്ത് ചികിത്സയില്‍ കഴിയുന്ന രോഗിയില്‍ കണ്ടെത്തിയത് എം പോക്‌സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വണ്‍ വകഭേദം. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു. ദുബായില്‍ നിന്നും സെപ്റ്റംബര്‍ 13ന് നാട്ടിലെത്തിയ ചാത്തല്ലൂര്‍ സ്വദേശിയായ 38കാരനാണ് മലപ്പുറത്ത് ചികിത്സയില്‍ കഴിയുന്നത്. 16നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *