KERALA NEWS

‘ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയെത്തി’; ബിജ.പിയില്‍ ചേര്‍ന്ന മുന്‍ ഡിവൈഎസ്പിക്കെതിരെ ജയരാജന്‍

കണ്ണൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി.വൈ. എസ്. പി പി. സുകുമാരനെതിരെ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട. ഡിവൈഎസ്പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിപ്പെട്ടതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ‘അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കുറ്റം സമ്മതിപ്പിക്കുന്നതിനായി ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരന്‍. കേസ് തെളിയിക്കാനാവാതെ വരുമ്പോഴാണ് ഇദ്ദേഹം ഇത്തരം ഹീനമായ മൂന്നാംമുറ കുറ്റാരോപിതരുടെ മേല്‍ പലപ്പോഴും പ്രയോഗിച്ചത്. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണിയാള്‍. സര്‍വീസിലിരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്ത വിധേയനായിരുന്നു. നിരപരാധികളെ മൂന്നാംമുറക്കിരയാക്കിയാണ് ഷുക്കൂര്‍ കേസില്‍ പി ജയരാജന്‍, ടി വി രാജേഷ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയത്. തലശേരി ഫസല്‍ കേസ് വഴിതിരിച്ചുവിട്ടതും ഇതേ ഉദ്യോഗസ്ഥനാണ്. സര്‍വീസ് കാലയളവില്‍ വലിയതോതില്‍ ആക്ഷേപത്തിനിരയായ ഉദ്യോഗസ്ഥനാണ് ബിജെപി ഇപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയത്. ഉത്തരേന്ത്യയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കുന്നത് പോലെ കേരളത്തില്‍ പൊലീസിലെ ‘മൂന്നാംമുറക്കാരെ’ ഷാള്‍ അണിയിച്ച് ബിജെപി വരവേല്‍ക്കുകയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *