LOCAL NEWS

ഉത്സവാന്തരീക്ഷത്തില്‍ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ചടങ്ങ് നടന്നു

അട്ടേങ്ങാനം: ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ചടങ്ങ് ഉത്സവാന്തരീക്ഷത്തില്‍ നടന്നു. ശുദ്ധി കര്‍മ്മ ചടങ്ങുകള്‍ക്ക് ശേഷം ആചാര സ്ഥാനികര്‍, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍ പ്രാദേശികസമിതി ഭാരവാഹികള്‍, വിവിധ കഴക പ്രതിനിധികള്‍, മാതൃസമിതി പ്രവര്‍ത്തകള്‍,നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാനികരുടെ നിര്‍ദ്ദേശാനുസരണം ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ തറവാട്ട് കാരണവര്‍ വി.വി കൃഷ്ണനാണ് കൂവം അളന്നത്. തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ കൃഷി ചെയ്ത് വിളവെടുത്ത നെല്ലാണ് കൂവം അളക്കല്‍ ചടങ്ങിന് ഉപയോഗിച്ചത്. തിരുമുറ്റത്ത് കൂട്ടിവെച്ച നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് ആദ്യമായി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്കും തുടര്‍ന്ന് മഡിയന്‍ കൂലോം ക്ഷേത്രം ,ബേളൂര്‍ മഹാശിവക്ഷേത്രം,കോട്ടപ്പാറ കുഞ്ഞിക്കോരച്ചന്‍ തറവാട്, തുടങ്ങി സമീപത്തെ ക്ഷേത്രങ്ങള്‍ കഴകങ്ങള്‍, ദേവസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കും കൂവം അളന്നു.
തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങും നടന്നു.ആഘോഷകമ്മിറ്റി ചെയര്‍മാന്‍ സി രാജന്‍ പെരിയ, വര്‍ക്കിംങ്ങ് ചെയര്‍മാന്‍മാരായ കമ്പിക്കാനം തമ്പാന്‍ നായര്‍, ഇ.കെ ഷാജി ,ബി എം തമ്പാന്‍ നായര്‍ ,ജനറല്‍ കണ്‍വീനര്‍ പി. ഗോപി, ട്രഷറര്‍ കെ. ബാലകൃഷ്ണന്‍, കണ്‍വീനര്‍മാരായ കെ നാരായണന്‍, ബി എം ജനാര്‍ദ്ദനന്‍ ,സി ചന്ദ്രന്‍ ,ബിജു ബാത്തൂര്‍, മാതൃസമിതി സെക്രട്ടറി ചന്ദ്രിക ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *