ചങ്ങനാശേരി: കാലത്തിന്റെ മാറ്റം എക്സൈസ് വകുപ്പിന്റെ ചുമതലകളില്‍ വലിയ മാറ്റങ്ങളാണു കൊണ്ടുവന്നിട്ടുള്ളതെന്നും വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിലെ എക്സൈസ് സേനയ്ക്കാവുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ്. ചങ്ങനാശേരി എക്സൈസ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനവും ശിലാസ്ഥാപനവും ചങ്ങനാശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ തിയറ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു കൊണ്ട് പ്രസംഗിക്കുകയാരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിലെ ഏജന്‍സികളുമായി സഹകരിച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ എക്സൈസ് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കണ്ട ഏറ്റവും വലിയ ലഹരിവേട്ടയ്ക്കിടയാക്കിയത് കേരളത്തിലെ എക്സൈസ് വിഭാഗം തുടക്കമിട്ട അന്വേഷണമാണ്. കടുത്ത സാമ്പത്തിക പരിമിധികള്‍ക്കിടയിലും എക്സൈസിനെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ലഹരിക്കെതിരേ എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പെയിനുകള്‍ ജനങ്ങളുമായുള്ള വകുപ്പിന്റെ ബന്ധം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
ചങ്ങനാശേരി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിനും കോടതി സമുച്ചയത്തിനും ഇടയിലുള്ള നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്്. 3.05 കോടി രൂപയ്ക്കാണു നിലവില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. 1586 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മൂന്നുനില കെട്ടിടമാണു നിര്‍മിക്കുന്നത്. ആദ്യരണ്ടുനിലകളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും എക്്സൈസ് ഇന്‍സ്പെക്ടറുടെയും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെയും മുറികള്‍, ഓഫീസ് മുറി, കാത്തിരിപ്പ് മുറി, കമ്ബ്യൂട്ടറും ഫയലുകളും സൂക്ഷിക്കുന്ന മുറി, തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറി, ലോക്കപ്പ് മുറി, സ്ത്രീകള്‍ക്ക് പ്രത്യേകം വിശ്രമമുറി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്നാമത്തെ നിലയില്‍ കോണ്‍ഫറന്‍സ് മുറി, ഉദ്യോഗസ്ഥരുടെ വിശ്രമമുറികള്‍, അവരുടെ വിനോദത്തിനായുള്ള മുറി. കാത്തിരിപ്പ് മുറി ശുചി മുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവിലെ ഭരണാനുമതി ലഭിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് താഴത്തെ നിലയുടെ പണി പൂര്‍ത്തീകരിക്കാനാകും.