KERALA NEWS

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാരെ സി പി എം പ്രവർത്തകർ മർദ്ദിച്ചു

പഴയങ്ങാടി മാടായിപ്പാറയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഒരു സ്ത്രീ അടക്കം മൂന്ന് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് കസ്റ്റഡയിൽ എടുത്തു. അതേസമയം കരിങ്കൊടി കാണിച്ചവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. മാടായിപ്പാറയിലെ നവകേരള സദസ് കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പഴയങ്ങാടി പോലീസ് സ്റ്റേഷന് തൊട്ട് സമീപത്ത് വെച്ചായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്റേയും സുധീഷ് വെള്ളച്ചാലിന്റേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. പിന്നാലെ ഇവിടെ വലിയ സംഘർഷമാണ് നടന്നത്. മുഖ്യമന്ത്രിയെത്തുന്നതിന് മുൻപ് തന്നെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ വെച്ചിരുന്നു. അവരെ പഴയങ്ങാടിയിലെ സ്റ്റേഷനിലായിരുന്നു കസ്റ്റഡയിൽ വെച്ചിരുന്നത്. സംഭവത്തിന് പിന്നാലെ സിപിഎം,ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ പോലീസ് സ്റ്റേഷന്റെ ഗേറ്റ് തള്ളി അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു.ചില പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കയറിയെങ്കിലും അവരെ പോലീസ് പിന്തിരിപ്പിച്ചു. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുനിന്ന് പകർത്തിയ യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ഡിവൈഎഫ്‌ഐക്കാർ കൂട്ടമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം കരിങ്കൊടി കാണിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ ,എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പരാതി ഉയർത്തിയിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഓടി വന്ന് യൂത്ത് കോൺഗ്രസുകാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായാണ് വിവരം.

നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ല,
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയെന്ന് മുഖ്യമന്ത്രി

നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു സി പി എം പ്രവർത്തകർ ഇതിൽ പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *