യുപിഎസ്സി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ച് മനോജ് സോണി. കാലാവധി തീരാന്‍ ഇനിയും അഞ്ച് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി പ്രഖ്യാപനം നടത്തിയത്. 2029 വരെയാണ് മനോജ് സോണിക്ക് കാലാവധി ഉണ്ടായിരുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനോജ് സോണി രാജി പ്രഖ്യാപിച്ചത്. 2017ല്‍ യുപിഎസ്സിയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സോണി 2023 മെയ് 16ന് ചെയര്‍പേഴ്സണായി ചുമതലയേറ്റെടുത്തു. ഏകദേശം ഒരു മാസം മുമ്പാണ് അദ്ദേഹം തന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതെന്നാണ് വിവരം. എന്നാല്‍ രാജി അംഗീകരിക്കുമോ സോണിയെ ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ അനുവദിക്കുമോ എന്നീ കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. ജോലി ഉറപ്പാക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെന്നാരോപിച്ച് യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ ഉയര്‍ന്ന സമീപകാല വിവാദങ്ങളുമായി സോണിയുടെ സ്ഥാനമൊഴിയാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ യുപിഎസ്സിയെ സംശയ നിഴലില്‍ നിര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നത്. സിവില്‍ സര്‍വീസ് പ്രവേശനം നേടുന്നതിനായി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമച്ച ട്രെയിനി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്ക്കറിനെതിരായ ആരോപണത്തെ തുടര്‍ന്ന് യുപിഎസ്സി വാര്‍ത്തകളില്‍ ഇടം നേടിയ സമയം കൂടിയാണിത്. പലരും ഈ വിവാദങ്ങളും സോണിയുടെ രാജിയും തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ തുടങ്ങിയെങ്കിലും അവയെ തള്ളുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
