രാജപുരം: പതിവു തെറ്റാതെ പുസ്തകങ്ങളുമായി അവർ എത്തി. നാട്ടിൻ പുറങ്ങളിലെ പൊതുജനങ്ങൾക്കായി. വായനാ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻസിസി വിദ്യാർത്ഥികളാണ് സമീപത്തെ വായനശാല സന്ദർശിച്ചത് പുസ്തക സമർപ്പണം നടത്തിയത്. എല്ലാ വർഷവും കോളേജിലെ എൻസിസി വിദ്യാർത്ഥികൾ പുതിയ പുതിയ പുസ്തകങ്ങളുമായി വയനാദിനത്തിൽ വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയം സന്ദർശിച്ച് വിദ്യാർത്ഥികളുടെ വക ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ സമ്മാനിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റാതെ വിദ്യാർത്ഥികളും അധ്യാപകരും നൂറ് കണക്കിന് പുസ്തകങ്ങളുമായി വായനശാലയിൽ എത്തി. മറ്റ് ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന പണം വായനാദിനത്തിൽ വിദ്യാർത്ഥികൾ പുസ്തകം വാങ്ങാൻ മാറ്റി വെച്ചാണ് ഇത്രയും അധികം പുസ്തകങ്ങൾ നൽകുന്നത്. വിദ്യാർത്ഥികളോടൊപ്പം നാട്ടിൻ പുറങ്ങളിലെ മുതിർന്നവരും വായന തുടരണമെന്ന ലക്ഷ്യത്തോടെയാണ് വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്ന പദ്ധതി വിദ്യാർത്ഥികൾ ആരംഭിച്ചത്. പുസ്തകത്തിന്റെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. എം ഡി ദേവസ്യ നിർവ്വഹിച്ചു. പി കെ മുഹമ്മദ് അധ്യക്ഷനായി. എൻസിസി ക്യാപ്റ്റൻ ഡോ.തോമസ് സ്കറിയ, രാഹുൽ ദിനേശ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
