DISTRICT NEWS

ജില്ലയിലെ ആദ്യ വലിച്ചെറിയൽ മുക്ത, മാലിന്യ മുക്ത പഞ്ചായത്തായി കോടോം-ബേളൂരിനെ പ്രഖ്യാപിച്ചു

രാജപുരം: നവകേരളം കർമ പദ്ധതി 2-ന്റെ ഭാഗമായി കോടോംബേളൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്താക്കി മാറ്റന്നതിന്, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ, നാട്ടുകാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെയും സഹായത്തോടെയും കൂടി പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ജനകീയ ക്യാമ്പയിൻ നടത്തി 2023 മെയ് 9 ന് തുടക്കം കുറിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് മെമ്പർമാരുടെ നേത്വത്വത്തിൽ എല്ലാ വാർഡുകളിലും വീടുകളിലും ശുചീകരണം നടത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു കൊണ്ട് മെയ് 20 ന് വൈകുന്നേരം 3 മണിക്ക് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ വലിച്ചെറിയൽ മുക്ത, മാലിന്യ മുക്ത പഞ്ചായത്തായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി പ്രഖ്യാപിച്ചു. കൂടാതെ ഇരിയ മുതൽ അമ്പലത്തറ വരെ കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയോരത്തു വാഹന യാത്രക്കാരും മറ്റും കൂട്ടത്തോടെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ജൂൺ 5 ന് മുൻപേ പൂർണ്ണമായും എടുത്ത് കളയുമെന്നും ശേഷം സംസ്ഥാന പാതയോരത്തും, പഞ്ചായത്തിലെ പ്രധാന ടൗണുകളിലും സി സി ടി വി സ്ഥാപിക്കുമെന്നും തുടർന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പ്രഖ്യാപന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ രാഘവൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സൺ രാമചന്ദ്രൻ മാസ്റ്റർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ എൻ എസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഗോപാലകൃഷ്ണൻ , സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു തുടങ്ങിയവർ പ്രഖ്യാപനത്തിന് അനുമോദനങ്ങൾ അർപ്പിച്ചു. ജനപ്രതിനിധികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. അസി.സെക്രട്ടറി ഷൈജു ടി സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *