അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വൻജനാവലിയാണ് കാത്തിരുന്നത്. തിരുവനന്തപുരത്ത് നാലിടത്താണ് പൊതുദർശനം സജ്ജീകരിച്ചത്. വിമാനത്താവളത്ത് നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയിൽ ആണ് ആദ്യം മൃതദേഹം എത്തിക്കുന്നത്. ഇവിടത്തെ പൊതുദർശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. വൈകീട്ട് പാളയം സെന്റ് ജോർജ് കത്തീഡ്രലിലും പിന്നീട് ് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലും പൊതുദർശനത്തിന് വെക്കും. പ്രിയ നേതാവിനെ അവസാനമായി കാണാൻ തലസ്ഥാനത്ത് ജനസാഗരമാണ് തടിച്ച് കൂടിയത്. പൊതുദർശനം ഏർപ്പാടാക്കിയ നാലിടങ്ങളും ജനനിബിഡമായിരുന്നു. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിലും ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാനായി റോഡിനിരുവശവും തിങ്ങി നിറഞ്ഞിരിക്കുന്നത്. പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാത്രിയോടെ മൃതദേഹം വീണ്ടും തിരുവനന്തപുരത്തെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. തുടർന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായാണ് ജന്മനാടായ കോട്ടയത്തേക്ക് പുറപ്പെടുക. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്തും മൃതദേഹം പൊതുദർശനത്തിന് വെക്കും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ വെച്ചാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 79 കാരനായ ഉമ്മൻ ചാണ്ടി കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ വർഷം നിയമസഭാംഗമായ റെക്കോഡ് ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. നേരത്തെ ഉമ്മൻ ചാണ്ടിയെ യാത്രയാക്കാനായി വൻ ജനാവലിയാണ് ബെംഗളൂരുവിലും എത്തിയത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, സിദ്ധരാമയ്യ എന്നിവർ ഉൾപ്പടെയുള്ള ദേശീയ നേതാക്കളും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
