മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി കോൺഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൽ കേരള രാഷ്ട്രീയത്തിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്ന ഉമ്മൻ ചാണ്ടി ബെംഗളൂരു ചിന്മയ ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി തുടരുകയായിരുന്നു. ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന നേതാവായിട്ടാണ് ഉമ്മൻ ചാണ്ടിയെ കേരള രാഷ്ട്രീയം കണ്ടിട്ടുള്ളത്. സമീപ കാലം വരെ കേരള രാഷ്ട്രീയത്തിലെ ഓരോ കാര്യങ്ങളിലും അദ്ദേഹം ഇടപെടുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ആരോഗ്യാവസ്ഥ മോശമാകുന്ന ഘട്ടങ്ങളിൽ കേരളത്തിന് പുറത്തും വിദേശത്തും ചികിൽസാവശ്യാർഥം പോയിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ചിരിച്ച മുഖവുമായി ജനങ്ങൾക്ക് മുമ്പിലെത്തുന്ന നേതാവാണ് അദ്ദേഹം.
ജനനം, വിദ്യാഭ്യാസം, എം എൽ എ
1943 ഒക്ടോബർ 31ന് പുതുപ്പള്ളിയിലെ കെഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എംഡി സ്‌കൂൾ, സെന്റ് ജോർജ് ഹൈസ്‌കൂൾ, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ബാലജനസഖ്യം, കെഎസ്യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃപദവികൾ വഹിച്ചു. 27ാം വയസിലാണ് പുതുപ്പള്ളിയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സിറ്റിങ് എംഎൽഎ ഇഎം ജോർജിനെ പരാജയപ്പെടുത്തിയായിരുന്നു തുടക്കം. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. യുഡിഎഫ് കൺവീനറായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 2004ൽ ആദ്യമായി മുഖ്യമന്ത്രിയായി. കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ കൊടുങ്കാറ്റുകൾക്കിടയിലും ചിരിച്ചുകൊണ്ട് നിന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം തുടക്കമിട്ട ജനസമ്പർക്ക പരിപാടി ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേട്ട് പരിഹാരം കാണുന്ന പരിപാടിയായിരുന്നു അത്. ആരോഗ്യം പോലും അവഗണിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അദ്ദേഹത്തിന്റെ രീതി അനുയായികൾ പലപ്പോഴും എടുത്തുപറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് പൊതു അവധി
രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയാണിതെന്ന് പിസി വിഷ്ണുനാഥ് പ്രതികരിച്ചു. അദ്ദേഹമില്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. വല്ലാത്തൊരു ശൂന്യതയാണിപ്പോൾ. ചികിൽസയ്ക്ക് പോകുന്ന വേളയിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെയുണ്ടായിരുന്നു. പെട്ടെന്ന് പോയി എന്ന് പറയുമ്പോൾ ചിന്തിക്കാൻ കഴിയുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. പതിറ്റാണ്ടുകളായിട്ടുള്ള ആത്മ ബന്ധമാണ് ഉമ്മൻ ചാണ്ടിയുമായുള്ളതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. എത്രയോ അനുഭവങ്ങൾ പറയാനുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. അതിനപ്പുറം ജനഹൃദയങ്ങൾ കീഴടക്കിയെ നേതാവായി. എല്ലാവർക്കും സാന്ത്വനം നൽകുന്ന നേതാവായിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.