NATIONAL NEWS

ബിജെപിക്കെതിരെ ‘ഇന്ത്യ’ സഖ്യത്തിനൊപ്പം ഐക്യത്തോടെ പോരാടണം; വർക്കിംഗ് കമ്മിറ്റി യോഗത്തിൽ സോണിയ ഗാന്ധി

ബിജെപിക്കെതിരായ പോരാട്ടത്തിൽ ‘ഇന്ത്യ’യ്‌ക്കൊപ്പം ഐക്യത്തോടെ കോൺഗ്രസ് പോരാടണമെന്ന സന്ദേശവുമായി പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സോണിയയുടെ നിർദ്ദേശം. എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ഏകോപന സമിതിയുടെ ആദ്യ യോഗത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സോണിയയുടെ പരാമർശം. ചില സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം സഖ്യത്തിന് തലവേദന തീർത്തേക്കുമെന്നുള്ള ആശങ്കകൾക്കിടെയാണ് സോണിയയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്. അതിനിടെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ബിജെപിക്കെതിരെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രൂക്ഷവിമർശനം ഉയർത്തി. കേന്ദ്രസർക്കാർ പൂർണപരാജയമാണെന്നും പണപ്പെരുപ്പം, തൊഴിലില്ലായ്മ, അസമത്വം, കർഷക പ്രശ്‌നങ്ങൾ എന്നിവയൊന്നും നിയന്ത്രിക്കാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു.മണിപ്പൂരിൽ ഇപ്പോഴും അരങ്ങേറുന്ന ദാരുണമായ സംഭവങ്ങൾക്ക് രാജ്യം മുഴുവൻ സാക്ഷിയാണ്. മോദി സർക്കാർ കൊളുത്തിയ മണിപ്പൂരിലെ തിരി ഹരിയാനയിലെ നൂഹിൽ എത്തി. ഈ സംഭവങ്ങൾ ആധുനികവും പുരോഗമനപരവും മതേതരവുമായ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെട്ടുത്തുന്നതാണ്’, കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. സമ്പദ്വ്യവസ്ഥ ഗുരുതരമായ അപകടത്തിലാണെന്നും വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ഖാർഗെ വിമർശിച്ചു. ചൈനയുടെ കടന്നുകയറ്റിലും കേന്ദ്രത്തിനെതിരെ ഖാർഗെ രംഗത്തെത്തി. ‘ചൈനയുടെ കടന്നുകയറ്റത്തിൽ കേന്ദ്രം കാണിക്കുന്ന അവഗണന രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി തീർക്കുകയാണ്. ‘അമൃത്കാൽ’, ‘മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ’ തുടങ്ങിയ ‘ശൂന്യമായ മുദ്രാവാക്യങ്ങൾ’ ഉപയോഗിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പ്രവണത സർക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പിക്കെതിരെ ഇന്ത്യ സഖ്യം മുന്നേറുകയാണെന്നും ഖാർഗെ പറഞ്ഞു. ‘ഇന്ത്യ മുന്നണിയുടെ മൂന്ന് യോഗങ്ങൾക്ക് ശേഷം ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ബി ജെ പി സർക്കാരിനെ നേരിടുന്നതിൽ ഇന്ത്യ സഖ്യം മുന്നേറുകയാണ്. പ്രതിപക്ഷത്തിന്റെ ഈ മുന്നേറ്റത്തിൽ അസ്വസ്ഥരായ ബി ജെ പി സർക്കാർ പ്രതിപക്ഷത്തിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. പാർലമെന്റിൽ പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്’, ഖാർഗെ പറഞ്ഞു. അതേസമയം നിലവിൽ 100 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് സഖ്യത്തിനുള്ളിൽ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാക്കിയുള്ള 443 സീറ്റുകളിൽ ചർച്ച പുരോഗമിക്കുകയാണ്. പഞ്ചാബ്, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലായിരിക്കും സീറ്റ് വിഭജനത്തിൽ സഖ്യം വലിയ വെല്ലുവിളി നേരിട്ടേക്കുക.

Leave a Reply

Your email address will not be published. Required fields are marked *