DISTRICT NEWS

കാവേരിക്കുളം ഒരു അമൂല്യ സമ്പത്ത് സംരക്ഷിക്കപെടാൻ പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച നടത്തി

ഒടയംചാൽ : കാവേരിക്കുളം എന്ന അമൂല്യ സമ്പത്ത് സംരക്ഷിക്കപെടാൻ പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച നടത്തി. കാഞ്ഞങ്ങാട്ടെത്തിയ കേരളത്തിലെ പ്രമുഖ സാമുഹ്യ, പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ. നീലകണ്ഠനുമായിട്ടാണ് വിവരങ്ങൾ കൈമാറിയത്.
കാവേരിക്കുളത്ത് ക്വാറി മഫിയസംഘം നടത്തുന്ന കൈയ്യേറ്റത്തെക്കുറിച്ചും അതുവഴി പൊതുജനത്തിനു സംഭവിക്കാവുന്ന ദുരിതങ്ങളെക്കുറിച്ചുമാണ് സി ആറുമായി യുവരശ്മി ക്ലബിന്റെ നേതൃത്വത്തിൽ വിവര കൈമാറ്റം നടത്തിയത്. പ്രകൃതി ചൂഷണം നാടിനു വരുത്തുന്ന വിപത്തുകളെ ചെറുക്കേണ്ടതിനുള്ള മുൻകരുതലുകൾ എപ്രകാരം നടത്തണമെന്നും, നിയമപരമായി പൊതുജനത്തിനു ആശവഹമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും സി. ആർ. വിശദീകരിച്ചു. സമരസന്നാഹങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതിനാവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകി.

സി.ആർ. നീലകണ്ഠൻ

കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ് സി.ആർ. നീലകണ്ഠൻ. 1957 ഏപ്രിൽ 2 ന് സി.പി. രാമൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റെയും മകനായി തൃശൂർ ജില്ലയിലെ കരുവന്നൂരിൽ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച സി ആറിനെ അടിയന്തരാവസ്ഥ കാലത്ത് കമ്മ്യൂണിസ്റ്റ് ലിറ്ററേച്ചറുകൾ കൈവശം വെച്ചെന്നു പറഞ്ഞ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചിരുന്നു. ശേഷം SFI വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി പ്രവർത്തിച്ചു. എസ്.എഫ്.ഐയുടെ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. തോമസ് ഐസക്ക്, എം.എ. ബേബി, എ.കെ. ബാലൻ എന്നിവർ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവർത്തകരായിരുന്നു. ബോംബയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിൽ ഒരു വർഷത്തെ പരിശീലനം നേടി. 1983 മുതൽ അരൂരിലെ കെൽടോൺ കൺട്രോൾസിൽ ജോലിചെയ്യുന്ന നീലകണ്ഠൻ ഇപ്പോൾ അവിടുത്തെ ഡെപ്പ്യൂട്ടി ജനറൽ മാനേജർ പദവി വഹിക്കുന്നു.
പരിസ്ഥിതി വിഷയത്തിൽ വ്യക്തമായ നിലപാട് ഉയർത്തിപ്പിടിക്കുന്ന നീലകണ്ഠൻ, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് ലേഖനങ്ങൾ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചർച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു. ഒരു കാലത്ത് സി.പി.എംന്റെ സഹയാത്രികനായിരുന്ന നീലകണ്ഠൻ ഇപ്പോൾ അവരുടെ പരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്. എന്നാൽ കേരളത്തിലെ ജനകീയ സമരങ്ങളിൽ കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഇടപെട്ടു കൊണ്ടിരിക്കുകയും സമരക്കാരുമായും സമാനസംഘടനകളുമായും സജീവമായി സഹകരിച്ചുവരികയും ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *