പാണത്തൂർ : ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ച പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചു.നിരവധി അപകടങ്ങൾ നടന്ന ഇവിടെ വീട്ടുകൾക്ക് നാശ നഷ്ടം സംഭവിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. ഇതോടെയാണ് അപകടങ്ങൾ കുറക്കാൻ ഇവിടെ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടൊപ്പം അപകട സൂചനാ ബോർഡുകളും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. 224 മീറ്റർ ദൂരത്തിലാണ് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്. അപകടം നടന്ന സ്ഥലം ഒരാഴ്ച മുമ്പ്് ജില്ലാ കലക്ടർ സന്ദർശിച്ചിരുന്നു. അന്ന് ക്രാഷ് ബാരിയറും സൂചനാ ബോർഡ് സ്ഥാപിക്കാനും ബന്ധപെട്ടവർക്ക് കലക്ടർ കർശന നിർദ്ദേശം നൽകിയിരുന്നു. കാസർകോട് വികസന പാക്കേജിൽപ്പെടുത്തി പൊതുമരാമത്ത്് വകുപ്പാണ് റോഡിന്റെ വികസപ്രവർത്തനങ്ങൾ നടപ്പാക്കുന്നത് മുമ്പ് പലതവണ ഇവിടെ അപകടമുണ്ടായിട്ടും അത് ആവർത്തിക്കാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാത്തതിൽ ടാങ്കർ ലോറി അപകടമുണ്ടായ ശേഷം സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതർക്കെതിരെ നാട്ടുകാർ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.