NATIONAL NEWS

ഇന്ത്യക്കൊപ്പം കൈകോർത്ത് യുഎഇ; മോദിയുടെ സന്ദർശനത്തിൽ വമ്പൻ പദ്ധതികൾ

ദുബായ്: യുഎഇയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത് വമ്പൻ തീരുമാനങ്ങൾ. രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ സ്വീകരണമാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കറൻസികളിൽ വ്യാപാരം ആരംഭിക്കാൻ തങ്ങൾ ധാരണയിലെത്തിയതായി മോദിയും യുഎഇ പ്രസിഡന്റും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്ന് മോദി പറഞ്ഞു. ‘ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തുന്നതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഊർജവും വികസന കാഴ്ചപ്പാടും പ്രശംസനീയമാണ്. സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഉൾപ്പെടെ ഇന്ത്യ-യുഎഇ ബന്ധങ്ങളുടെ വിവിധ തലങ്ങൾ ചർച്ച ചെയ്തു,’ മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരത്തിൽ 20% വർധനയുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അൽ നഹ്യാനിൽ നിന്ന് തനിക്ക് ഒരു സഹോദരന്റെ സ്നേഹം ലഭിച്ചുവെന്നും ഇന്ത്യക്കാർ അദ്ദേഹത്തെ ഒരു യഥാർത്ഥ സുഹൃത്തായി കാണുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. അതിനിടെ അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പേയ്‌മെന്റ്, സന്ദേശമയയ്ക്കൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു എ ഇ സെൻട്രൽ ബാങ്കും രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു. ഇത് ഇന്ത്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണെന്ന് മോദി ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അബുദാബിയിൽ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ശാഖ സ്ഥാപിക്കാനുള്ള പദ്ധതിക്കായി ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങളും ഐഐടി ഡൽഹിയും തമ്മിൽ മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 28 ന്റെ നേതൃത്വം ഈ വർഷം യുഎഇ ഏറ്റെടുക്കുമെന്നും താനും അതിൽ പങ്കാളിയാകുമെന്നും മോദി പറഞ്ഞി. കോപ് 28 നിയുക്ത പ്രസിഡന്റ് സുൽത്താൻ അൽ ജാബറുമായി മോദി കൂടിക്കാഴ്ച നടത്തുകയും കാലാവസ്ഥാ സമ്മേളനത്തിന് യുഎഇയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്ത്യയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *