ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ ദൽഹി ഓർഡിനൻസിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ്. നേരത്തെ ആം ആദ്മി സർക്കാരിനെതിരായ കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന കോൺഗ്രസ് നിലപാടിൽ മാറ്റം വരുത്തുന്നു എന്നാണ് സൂചന. കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ഇന്നത്തെ പ്രതികരണം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഫെഡറൽ ഘടനയ്‌ക്കെതിരായ ഏത് ആക്രമണത്തെയും കോൺഗ്രസ് പാർട്ടി എപ്പോഴും എതിർത്തിട്ടുണ്ട്, അത് തുടരും. പാർലമെന്റിനകത്തും പുറത്തും’ എന്നാണ് ജയ്റാം രമേശ് ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇത് ദൽഹി ഓർഡിൻസിനെതിരായ ആം ആദ്മി പാർട്ടിയുടെ പോരാട്ടത്തെ പിന്തുണക്കുന്നു എന്ന സൂചനയാണ് എന്നാണ് നിഗമനം. ഓർഡിനൻസ് ബില്ലിനെ പാർലമെന്റിൽ കോൺഗ്രസ് എതിർക്കുമോ എന്ന ചോദ്യത്തിനായിരുന്നു സംസ്ഥാന സർക്കാരുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന മോദി സർക്കാരിന്റെ നടപടികളെ പാർട്ടി തുടർച്ചയായി എതിർക്കുന്നുണ്ട് എന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്. നേരത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗങ്ങളിലും ഭാവി യോഗങ്ങളിലും പങ്കെടുക്കണമെങ്കിൽ കോൺഗ്രസ് ദൽഹി ഓർഡിനൻസിൽ വ്യക്തമായ അഭിപ്രായം പറയണം എന്ന് ആം ആദ്മി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പാർലമെന്റിൽ വിഷയത്തിൽ എ എ പിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം ചേർന്നിരുന്നു. ദൽഹിയിലെ സർക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം മെയ് 19 ന് ആണ് ഓർഡിനൻസ് കൊണ്ടുവന്നത്. പൊലീസ്, പൊതു ക്രമം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടവ ഒഴിവാക്കി ദൽഹിയിലെ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിനാണ് എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസ് നീക്കം. കേന്ദ്ര നീക്കത്തെത്തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജ്യവ്യാപകമായി പര്യടനം നടത്തി ബിജെപി ഇതര കക്ഷികളിൽ നിന്ന് പിന്തുണ തേടിയിരുന്നു. രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികൾ വിഷയത്തിൽ ആം ആദ്മി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാട്നയിൽ കഴിഞ്ഞ പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി ഓർഡിനൻസ് വിഷയം മുന്നോട്ടുവെച്ചിരുന്നു.
