ചുളളിക്കര: എഴുപതാം വാര്‍ഷികത്തിന്റെ നിറവില്‍ കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. അക്ഷരോത്സവത്തിന്റെ 70 വര്‍ഷങ്ങളോടനുബന്ധിച്ച് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുഴയോരം എന്ന പേരില്‍ നാളെയും മറ്റന്നാളുമായി നടക്കും.നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വാര്‍ഷികാഘോഷ ഉദ്ഘാടനവും ഉപഹാര വിതരണവും എന്‍ഡോവ്മെന്റ് വിതരണവും രാജ്മോഹന്‍ ഉണ്ണിത്താന് എം പി നിര്‍വ്വഹിക്കും.
17ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കലാമേള തുടങ്ങിയവ സംഘടിപ്പിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പിടിഎ പ്രസിഡന്റ് സി കെ ഉമ്മറിന്റെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സരിത എസ് എന്‍ ഉദ്ഘാടനം ചെയ്യും. വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പൂര്‍വ്വ അധ്യാപക സംഗമത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മോട്ടിവേഷന്‍ സ്പീക്കറുമായ ബാലചന്ദ്രന് കൊട്ടോടിയുടെ നേതൃത്വത്തില്‍ ഗുരുവന്ദനം സംഘടിപ്പിക്കും. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകര്‍, മുന്‍ പിടിഎ പ്രസിഡന്റുമാര്‍, ഒന്നാം ബാച്ച് വിദ്യാര്‍ത്ഥികള്‍, മുന്‍ എസ് എം സി ചെയര്മാന്മാര് എന്നിവരെ ആദരിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്റെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. പൊതു സമ്മേളനത്തിനുശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും മെഗാ ഗാനമേളയും അരങ്ങേറും.
സംഘാടക സമിതി ചെയര്മാന് ടി.കെ.നാരായണന്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അബ്ദുള്ള, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് ജോസ് പുതുശേരികാലായില് , പ്രധാനാധ്യാപിക ബിജി ജോസഫ് കെ , പിടിഎ പ്രസിഡന്റ് സി.കെ.ഉമ്മര്‍, വൈസ് പ്രസിഡന്റ് എം. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്സംബന്ധിച്ചു.