വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. കേരളത്തിന് രണ്ടാമതായി അനുവദിച്ച കാസർകോട്- തിരുവനന്തപുരം വന്ദേഭാരതിന്റെ സമയക്രമമാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയവും ഏറ്റവും അവസാന സ്റ്റോപ്പിൽ എത്തിച്ചേരുന്ന സമയവും തമ്മിൽ മിനിട്ടുകളുടെ വ്യത്യാസം മാത്രമാണ് പുതുതായിട്ടുള്ളത്. ഇനി മുതൽ ദിവസത്തിലെ ആദ്യ സർവ്വീസായി തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:15 ന് വന്ദേഭാരത് പുറപ്പെടും. നേരത്തെ 5:20 ന് ആയിരുന്നു ഈ ട്രെയിൻ പുറപ്പെട്ടു കൊണ്ടിരുന്നത്. 6:03 ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ 2 മിനിട്ട് നിർത്തിയിട്ട് 6:05 ന് കൊല്ലം റെയിൽവേ സ്റ്റേഷൻ വിടും. പിന്നീട് 6:53 ന് ചെങ്ങന്നൂർ എത്തുന്ന ട്രെയിൻ 2 മിനിട്ട് ചെങ്ങന്നൂരിലും നിർത്തി 6:55 ന് പുറപ്പെടും. ശേഷം അടുത്ത സ്റ്റോപ് ആയ കോട്ടയത്ത് പഴയ സമയ ക്രമത്തിൽ തന്നെ എത്തും. എറണാകുളത്തും കൃത്യ സമയം പാലിക്കുന്ന ട്രെയിനിൽ തൃശൂരിൽ നിന്നും സമയം മാറും. 9:30 ന് ആണ് കാസർകോട് വന്ദേഭാരത് തൃശൂരിൽ എത്തുന്നത്. ഇനി മുതൽ 3 മിനിറ്റ് നേരം തൃശൂർ സ്റ്റേഷനിൽ നിർത്തിയിടാനാണ് തീരുമാനം. നേരത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേതും പോലെ 2 മിനിറ്റ് ആണ് തൃശൂർ സ്റ്റേഷനും അനുവദിച്ചിരുന്ന സമയം. 9.33 ന് തൃശൂരിൽ നിന്നെടുക്കുന്ന വന്ദേഭാരത് ബാക്കി സ്റ്റേഷനുകളിൽ അതാത് സമയത്ത് തന്നെ എത്തിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഷൊർണൂർ മുതൽ കാസർകോട് വരെ പഴയ സമയക്രമം പാലിക്കും. കാസർകോട് നിന്ന് തൃശൂരേക്ക് തിരിച്ചു വരുമ്പോഴുള്ള സമയക്രമത്തിലും മാറ്റങ്ങളുണ്ട്. കാസർകോട് മുതൽ ഷൊർണൂർ വരെ പഴയതു പോലെ സമയക്രമം പാലിക്കും. ശേഷം തൃശൂരിൽ 6: 10 ന് എത്തുന്ന വന്ദേഭാരത് 3 മിനിറ്റ് തൃശൂരിൽ നിർത്തി 6.13 ന് പുറപ്പെടും. എറണാകുളത്തും കോട്ടയത്തും പഴയ സമയക്രമം തന്നെ പാലിക്കും. ശേഷം 8.46 ന് ട്രെയിൻ ചെങ്ങന്നൂരെത്തും. 2 മിനിറ്റ് നിർത്തി 8 : 48 ന് അവിടെ നിന്നെടുക്കും. 9:34 ന് കൊല്ലത്തും 10.40 ന് തിരുവനന്തപുരത്തും എത്തും. നേരത്തെ 10 : 35 ന് മടക്ക ട്രെയിൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.
