ന്യൂഡല്‍ഹി/ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹരജി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരണയായതെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെയാണ് ദിവ്യ പോയത്. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയതും ദിവ്യ ആണെന്നും സ്വന്തം ഫോണില്‍ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്.