സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുറന്നു.കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാർക്ക് ആരംഭിച്ചത്.രജിസ്റ്റർ ചെയ്ത് ഒൻപത് മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റാണ് പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
‘നവകേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. കനാൽപിരിവിലാരംഭിച്ച ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് പാർക്കിൽ 3 വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ വിറ്റുവരവാണ് ചുരുങ്ങിയതായി പ്രതീക്ഷിക്കുന്നത്. രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചതിനൊപ്പം രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലിടലും നിർവ്വഹിച്ചു. കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമ്മിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കും സാധ്യതയുള്ളവയാണ്. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാം ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നത്.