KERALA NEWS

കോൺഗ്രസിന്റെ പലസ്തീൻ റാലിക്ക് അനുമതിയില്ല; അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നാക്ഷേപം

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. മുസ്ലിം ലീഗ്, സമസ്ത, സിപിഎം തുടങ്ങിയവരെല്ലാം റാലി നടത്തിയ പിന്നാലെയാണ് കോൺഗ്രസ് റാലി പ്രഖ്യാപിച്ചത്. അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ മാസം 23നാണ് കോൺഗ്രസ് കോഴിക്കോട് കടപ്പുറത്ത് റാലി നിശ്ചയിച്ചത്. നേരത്തെ അനുകൂല നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ അനുമതി തേടി പണമടയ്ക്കാൻ പോയപ്പോൾ അനുമതി നൽകാനാകില്ലെന്ന് പറഞ്ഞുവത്രെ. ഇതോടെ കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. തടയാമെങ്കിൽ തടഞ്ഞോ എന്ന നിലപാടിലാണ് കോൺഗ്രസ്. രാഷ്ട്രീയ ഇടപെടലാണ് അനുമതി നൽകാതിരിക്കാൻ കാരണം എന്നും അവർ ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടിയുണ്ടെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതെന്നും നേരത്തെ ഇക്കാര്യം അറിയാമായിരുന്നില്ലേ എന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. റാലി നടത്താൻ തീരുമാനിച്ച വേളയിൽ തന്നെ കോൺഗ്രസ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഏറ്റവും ഒടുവിൽ ഇന്ന് രാവിലെ അനുമതിക്കായുള്ള പണമടയ്ക്കാൻ പോയപ്പോഴാണ് മറിച്ച് സംസാരിച്ചതെന്ന് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ പറഞ്ഞു. എന്തുവന്നാലും റാലി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
25ന് നവകേരള സദസ് നടക്കുന്നുണ്ടെന്നും മുന്നൊരുക്കം വേണ്ടതിനാൽ കടപ്പുറത്ത് റാലിക്ക് അനുമതി നൽകാനാകില്ലെന്നും കളക്ടർ അറിയിച്ചുവെന്ന് പ്രവീൺ കുമാർ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് തന്നെ റാലി നടത്തും. പലസ്തീനികൾക്കൊപ്പമാണ് എന്ന് പറയുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണിത്. പിണറായി വിജയന്റെ പോലീസ് തടയട്ടെ എന്നും പ്രവീൺ കുമാർ പറഞ്ഞു. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ റാലി നടത്തിയാലുള്ള നിയമ നടപടികളെ നേരിടാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഒരു പക്ഷേ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും പറഞ്ഞുകേൾക്കുന്നു. കോഴിക്കോട്ടെ പ്രധാന വേദിയിൽ നിന്ന് മാറി റാലി നടത്തുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം, കോൺഗ്രസ് റാലിയിൽ ശശി തരൂരിന് ക്ഷണമുണ്ടാകില്ല എന്നാണ് വിവരം. മുസ്ലിം ലീഗിന്റെ റാലിക്കിടെ തരൂർ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലാണിത്. അദ്ദേഹത്തിന് വീണ്ടും വേദി നൽകുന്നത് തിരിച്ചടിയാകുമെന്ന് കോൺഗ്രസിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേസമയം, ബിജെപി പലസ്തീനിലെ ഹമാസ് വിരുദ്ധ റാലി നടത്താനും ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *