KERALA NEWS

‘ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള സത്യസന്ധത’; ഹരിതകർമ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി

മാലിന്യത്തിനൊപ്പം പെട്ട് കാണാതായ ഒന്നരപ്പവന്റെ സ്വർണവള ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിതകർമ സേനാഗം. പാലാക്കാട് തൃക്കടീരി ആറ്റാശേരി ബിന്ദുവാണ് മാതൃകയായത്. മുസ്തഫ എന്നയാളിന്റെ വീട്ടിൽനിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വർണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത് വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദു ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഭിനന്ദനം അറിയിച്ചത്. ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണ്, അദ്ദേഹം കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പർ താരം. ആറുമാസം മുൻപ് കാണാതായ, നഷ്ടപ്പെട്ടു എന്ന് കരുതി ഉപേക്ഷിച്ച സ്വർണ്ണവള കണ്ടെത്തിയപ്പോൾ ഉടമയെ തിരിച്ചേൽപ്പിച്ചാണ് ബിന്ദുവേച്ചി നാടിന്റെ സ്റ്റാറായത്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദു എന്ന ഈ ഹരിത കർമ്മ സേനാംഗം. മുസ്തഫ എന്നയാളിന്റെ വീട്ടിൽനിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വർണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത് വീട്ടുകാർ പോലും അറിഞ്ഞില്ല. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദുവേച്ചി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണ്. നാടിന്റെ സംരക്ഷകരാണ് ഹരിത കർമ്മ സേനക്കാരെന്ന് പറഞ്ഞാൽ പോലും അത് ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച് മാത്രമല്ല, സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും മാതൃകയായിക്കൂടി അവർ നാടിന് മുതൽക്കൂട്ടാവുകയാണ്. നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക് ചേർത്തുപിടിക്കാം

Leave a Reply

Your email address will not be published. Required fields are marked *