ചുളളിക്കര: വരൾച്ച ഏറെ രൂക്ഷമാകുന്ന ഘട്ടത്തിൽ കൊട്ടോടിയിലെയും പരിസരപ്രദേശങ്ങളിലേയും കുടിവെളള ക്ഷാമത്തിനും കൃഷിക്കും ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് കൊട്ടോടിയിൽ ചെക്ക് ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ ആക്ഷൻ കമ്മറ്റി രുപീകരിച്ച് എം എൽ എ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. 17ന് എം എൽ എ കാഞ്ഞങ്ങാട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നറിയുന്നു.എം എൽ എ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ,പദ്ധതിപ്രദേശത്തെ പഞ്ചായത്തംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിക്കും.
വേനലാരംഭത്തോടെ കൊട്ടോടി പുഴയിൽ വെളളമൊഴുക്ക് കുറയുകയും വേനൽ പകുതിയോടെ തന്നെ പുഴ വറ്റിവരളുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുളളത്. 35 വർഷങ്ങൾക്ക് മുമ്പ് കൊട്ടോടി ടൗണിനോട് ചേർന്ന് നിർമ്മിച്ച പമ്പ് ഹൗസിൽ നിന്നും നിരവധി കോളനികളിലും 300 ഓളം കുടുംബങ്ങളിലും വെളളമെത്താറുണ്ടായിരുന്നു.എന്നാൽ വേനൽ ശക്തമാകുന്നതോടെ പലപ്പോഴും വെളളം കിട്ടാത്ത സ്ഥിതിയാണ്. ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് കൊട്ടോടിപുഴയിൽ പമ്പ് ഹൗസിന്റെ സമീപത്തായി ചെക്ക് ഡാം നിർമ്മിക്കണമെന്ന് ആവശ്യം ഉയർന്നത്.
ഇതേ തുടർന്നുളള നിവേദനങ്ങളുടേയും പരാതികളുടേയും അടിസ്ഥാനത്തിൽ കാസർകോട് വികസന പാക്കേജിൽപ്പെടുത്തി 2.40 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാക്കി വർക്ക് ഓഡറും നൽകിയിരുന്നു. ഇതിനിടയിലാണ് പാലപ്പുഴയിൽ ചെക്ക് ഡാം പണി പൂർത്തിയായത്.കൊട്ടോടിയിലെ ചെക്ക് ഡാം നിർമ്മിക്കാനുദ്ദേശിച്ച സ്ഥലത്തുനിന്നും 2 കിലോ മീറ്റർ അകലെയാണ് പാലപ്പുഴ ചെക്ക് ഡാം. 3.20 മീറ്റർ ഉയരത്തിൽ വെളളം തടഞ്ഞു നിർത്താൻ പറ്റുന്ന തരത്തിലുളള ഡാമാണ് പാലപ്പുഴയിൽ നിർമ്മിച്ചത്. എന്നാൽ 2 മീറ്റർ മാത്രം ഉയരത്തിലാണ് ഇവിടെ വെളളം തടഞ്ഞു നിർത്തുന്നത്. മഴ അവസാനിക്കുകയും ചെക്ക് ഡാമിൽ വെളളം തടഞ്ഞു നിർത്തുന്ന ആദ്യ മാസങ്ങളിൽ കൊട്ടോടിയിൽ ചെക്ക് ഡാം നിർമ്മിക്കാനുദ്ദേശിച്ച സ്ഥലം വരെ വെളളം കെട്ടിനിൽക്കും.എന്നാൽ വേനൽ കടുക്കുകയും കർഷകർ കൃഷിയാവശ്യത്തിന് മോട്ടോർ പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നതോടെ ഇവിടെ വെളളം ഇല്ലാതാവുകയും ചെയ്യുന്നു. ഇവിടെ വെളളം കെട്ടി നിന്ന സമയത്ത് സ്ഥല പരിശോധന നടത്തുകയും ജലവിഭവ വകുപ്പിന്റെ ചില ഉദ്യോഗസ്ഥർ അന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊട്ടോടിയിലെ ചെക്ക് ഡാം പദ്ധതി തടസപ്പെട്ടതെന്നാണ് ആരോപണം. മഴയ്ക്കുശേഷം പാലപ്പുഴ ചെക്ക് ഡാമിൽ വെളളം തടഞ്ഞു നിർത്താൻ ആരംഭിക്കുകയും കൊട്ടോടിയിൽ വെളളം കെട്ടിനിൽക്കുകയും ചെയ്ത സമയത്താണ് ഉദ്യോഗസ്ഥർ കൊട്ടോടിയിൽ ചെക്ക് ഡാം സംബന്ധിച്ച പരിശോധന നടത്തിയതെന്നും അതുകൊണ്ടാണ് ഇത്തരമൊരു റിപ്പോർട്ടുണ്ടായതെന്നും ആക്ഷേപമുണ്ട്. യഥാർത്ഥത്തിൽ പാലപ്പുഴ പദ്ധതി ഉദ്യേശിച്ച 3.20 മീറ്റർ ഉയരത്തിൽ വെളളം തടഞ്ഞു നിർത്താൻ കഴിയുമായിരുന്നുവെങ്കിൽ കൊട്ടോടിയിൽ ചെക്ക് ഡാം വേണമെന്ന ആവശ്യത്തോട് ബന്ധപ്പെട്ടവർ മുഖം തിരിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമായിരുന്നില്ല.എന്നാൽ പാലപ്പുഴയിൽ 2 മീറ്ററിൽ കൂടുതൽ ഉയരത്തിൽ വെളളം തടഞ്ഞു നിർത്തിയാൽ പുഴയുടെ ഇരുകരയിലുമുളള കൃഷിയിടത്തിലും വീടുകളിലും വെളളം കയറും. അതുകൊണ്ട് തന്നെ ഇവിടെ കൂടുതൽ ഉയരത്തിൽ വെളളം കെട്ടിനിർത്തുന്നതിനെ ആളുകൾ എതിർക്കുമെന്നതാണ് സ്ഥിതി.
ചെക്ക് ഡാമിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് ഇത്തവണ ഡാം കൊണ്ട് കാര്യമായ ഗുണം ലഭിച്ചില്ല.ഇതു പരിഹരിക്കാൻ വേണ്ട നടപടികളൊന്നും ഉണ്ടായിട്ടുമില്ല.കുടുംബൂരിലും പാലപ്പുഴയിലും ചെക്ക് ഡാം ഉണ്ടെങ്കിലും നൂറുകണക്കിനാളുകൾക്ക് വേനലിൽ കുടിവെളളം ലഭിക്കുന്ന കൊട്ടോടി ജലവിതരണ പദ്ധതിക്ക് സത്യത്തിൽ ഇവ രണ്ടും ഗുണം ചെയ്യുന്നില്ല. കുടുംബൂർ ചെക്ക് ഡാമിനും കൊട്ടോടിക്കുമിടയിൽ മറ്റൊരു ചെക്ക് ഡാം കാസർകോട് വികസന പാക്കേജിൽപ്പെടുത്തി 2.25 ലക്ഷത്തോളം രൂപ ചെലവഴിച്ചുളള പ്രവർത്തി ഇപ്പോൾ നടന്നു വരികയാണ്. ഈ ചെക്ക് ഡാം പൂർത്തിയാകുന്നതോടെ വീണ്ടും ജലമൊഴുക്ക് കുറയുകയും കൊട്ടോടി ജലവിതരണ പദ്ധതി കൂടുതൽ പ്രതിസന്ധിയിലാവുകയും ചെയ്യും.അതിന് ഏക പരിഹാരം ഇവിടെ ചെക്ക് ഡാം നിർമ്മിക്കുകയാണ്. ഇതു മൂലം ഇപ്പോൾ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന ചെക്ക് ഡാം വരെ വെളളം തടഞ്ഞു നിർത്താനും കൊട്ടോടി ജലവിതരണ പദ്ധതിക്ക് എന്നും ജലലഭ്യത ഉറപ്പാക്കാനും കഴിയും. അതിനുപുറമേ തോണിക്കടവ് തോട്ടിലൂടെ മഞ്ഞങ്ങാനം,പേരടുക്കം എന്നിവിടങ്ങളിലും പയ്യശ്ശേരി തോട്ടിലും ജലനിരപ്പുയരുകയും കർഷകർക്കും ഏറെ പ്രയോജനകരവുമാകും. എം എൽ എ ഇ.ചന്ദ്രശേഖരന്റെ ഇടപെടലിലൂടെ 17 ന് നടക്കുന്ന യോഗത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
