കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ
ദില്ലി: കർണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും കർണാടകത്തിലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്കും അഭിനന്ദനം അറിയിക്കുന്നതായും നന്ദി പറയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ”കർണാടക തിരഞ്ഞെടുപ്പിൽ ഒരു വശത്ത് ക്രോണി ക്യാപിറ്റലിസത്തിന്റെ കരുത്തായിരുന്നു. മറുവശത്ത് പാവപ്പെട്ട ആളുകളായിരുന്നു കരുത്ത്. ദില്ലി എഐസിസി ആസ്ഥാനത്ത് വെച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. കർണാടകത്തിൽ സംഭവിച്ചത് തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സംഭവിക്കും””കോൺഗ്രസ് പാർട്ടി കർണാടകത്തിൽ പാവപ്പെട്ടവർക്കൊപ്പം നിന്നു. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് ശബ്ദം ഉയർത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ പോരാട്ടം തങ്ങൾ നടത്തിയത് വെറുപ്പിനെയോ അധിക്ഷേപത്തെയോ കൂട്ടുപിടിച്ചല്ല. തങ്ങൾ സ്നേഹത്തോടെ, ഹൃദയം തുറന്നാണ് ഈ പോരാട്ടം നടത്തിയത്”. കർണാടകത്തിലെ ജനം കാണിച്ച് തന്നത് രാജ്യം സ്നേഹത്തിന്റെ ഭാഷ ആഗ്രഹിക്കുന്നു എന്നാണെന്നും രാഹുൽ പറഞ്ഞു.