LOCAL NEWS

ആരോരുമില്ലാത്ത കുട്ടിയമ്മയ്ക്ക് ഇത്തവണത്തെ വിഷു പഞ്ചായത്ത് നല്‍കിയ സ്‌നേഹവീട്ടില്‍

പാ റപ്പള്ളി/ ആരോരുമില്ലാതെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി മുട്ടിച്ചരല്‍ കടല്‍ കാട്ടിപ്പാറയില്‍ ഓല കുടിലില്‍ താമസിക്കുന്ന കുട്ടിയമ്മയ്ക്ക് ഈ വിഷുവിന് പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീട്ടില്‍ വിഷുക്കണി ഒരുക്കാം. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ മുട്ടിച്ചരലില്‍ കടല്‍ കാട്ടിപ്പാറ എന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമിയില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന 75 വയസ്സുകാരി കുട്ടിയമ്മയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മ്മിച്ചു നല്‍കിയത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ നിന്നും വിവിധ ജോലികളെടുത്താണ് കുട്ടിയമ്മ മുട്ടിച്ചരലില്‍ എത്തുന്നത്.പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചു വരവെ സ്വന്തമായി സ്ഥലമില്ലാത്തതുകൊണ്ടും താമസിക്കുന്ന ഭൂമിയ്ക്ക് പട്ടയം ലഭിക്കാത്തതു കൊണ്ടും സര്‍ക്കാര്‍ പദ്ധതികളിലൊന്നും വീടും ലഭിച്ചില്ല.

നിലവിലുള്ള ഭരണസമിതി വന്നതിനു ശേഷം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ ഈസ്ഥിതിയില്‍ താമസിക്കുന്ന ഏക വ്യക്തിയായ കുട്ടിയമ്മയ്ക്ക് ചെറിയൊരു വീടു നിര്‍മ്മിച്ചു നല്‍കാന്‍ നാട്ടുകാരുടെ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.അതോടൊപ്പം റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയും ഉണ്ടാക്കി നല്‍കി.വാര്‍ധക്യകാല പെന്‍ഷന്‍, കുടിവെള്ള പദ്ധതി കണക്ഷന്‍, അഗതികള്‍ക്കുള്ള ഭക്ഷ്യകിറ്റ് എന്നിവയെല്ലാം ഇതിനു ശേഷം നല്‍കാനും കഴിഞ്ഞു.വീടു നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി വരുന്നത്. മറ്റു തടസ്സങ്ങളെല്ലാം ഒഴിവാക്കി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മനോഹരമായ വീട് പൂര്‍ത്തീകരിച്ചത്.നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ കാഞ്ഞങ്ങാട് എം എല്‍ എ ഇ.ചന്ദ്രശേഖരന്‍ കുട്ടിയമ്മയ്ക്ക് സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍.എസ്സ് അദ്ധ്യക്ഷത വഹിച്ചു.നിര്‍മ്മാണ പ്രവര്‍ത്തനം ഭംഗിയായി പൂര്‍ത്തീകരിച്ച കല്ല്യോട്ടെ ശാസ്ത ഗംഗാധരന് എം എല്‍ എ ഉപഹാരം നല്‍കി. CDS വൈ: ചെയര്‍ പേഴ്‌സണ്‍ പി.എല്‍.ഉഷ, എ.സലിം, ടി.കെ.രാമചന്ദ്രന്‍, ടി.കെ.കലാരഞ്ജിനി, ബി.മുരളി, വി.റെനീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പഞ്ചായത്ത് VE0 സജിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *