പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ചെറുക്കാൻ ഇറാൻ മുന്നോട്ട് വച്ച പ്രധാന നിർദേശങ്ങളിലൊന്ന് ലോക സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇസ്രായേലിനും അവർക്ക് ആയുധവും പിന്തുണയും നൽകുന്ന രാജ്യങ്ങൾക്കും എണ്ണ നൽകുന്നത് നിർത്തിവയ്ക്കുക എന്നതായിരുന്നു നിർദേശം. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയുടേതായിരുന്നു നിർദേശം. ഇസ്രായേലിനെയും അമേരിക്കയെയും പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ നേതാവ് ഈ നിർദേശം മുന്നോട്ട് വച്ചത്. എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മുസ്ലിം രാജ്യങ്ങൾ ഇതിന് തയ്യാറാകണം എന്നായിരുന്നു ആവശ്യം. ലോകത്ത് പ്രതിദിനം ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ 30 ശതമാനം മുസ്ലിം രാജ്യങ്ങളിലാണ്. സൗദിയിലും ഇറാഖിലുമാണ് കൂടുതൽ ഉൽപ്പാദനം. ഇറാന്റെ ആഹ്വാനം സൗദി അറേബ്യ ഏറ്റെടുത്താൽ കളിമാറും. 1973ൽ സമാനമായ നീക്കം സൗദി അറേബ്യ നടത്തിയപ്പോഴാണ് ആഗോള വിപണി തകിടംമറിഞ്ഞത്. അന്നു മുതൽ സൗദി എണ്ണ രംഗത്ത് വലിയ ശക്തിയായി കുതിപ്പ് തുടങ്ങിയെങ്കിലും അമേരിക്ക വിദേശനയത്തിൽ കാതലായ മാറ്റം വരുത്തി പ്രതിസന്ധി മറികടക്കുകയായിരുന്നു.
എന്താണ് 1973ൽ സംഭവിച്ചത്: 1967ൽ ആറ് ദിവസം നീണ്ട യുദ്ധം പശ്ചിമേഷ്യയിൽ നടന്നിരുന്നു. മേഖലയിലെ മുസ്ലിം രാജ്യങ്ങളും ഇസ്രായേലും തമ്മിലായിരുന്നു യുദ്ധം. അമേരിക്കയുടെയും യൂറോപ്പിന്റെ ശക്തമായ പിന്തുണ ഇസ്രായേലിന് ലഭിച്ചതോടെ മുസ്ലിം രാജ്യങ്ങൾ തോറ്റു. സിറിയയുടെ ഗൊലാൻ കുന്നുകൾ, ഈജിപ്തിന്റെ സിനായ്, ലബ്നാനിലെ ചില പ്രദേശങ്ങൾ എന്നിവയെല്ലാം ഇസ്രായേൽ സൈന്യം പിടിച്ചടക്കി. 1973ലാണ് അടുത്ത യുദ്ധമുണ്ടായത്. ഈജിപ്ഷ്യൻ സൈന്യം സിനായ് മേഖലയിലേക്ക് നീങ്ങി. സിറിയൻ സൈന്യം ഗൊലാൻ കുന്നുകളിലേക്കും. ഈ മേഖലകൾ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. സൗദി അറേബ്യ, മൊറോക്കോ, ക്യൂബ, അൽജീരിയ, ജോർദാൻ, ഇറാഖ്, ലിബിയ, കുവൈത്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയും ഈജിപ്തിനും സിറിയക്കും ലഭിച്ചു. യുഎൻ ഇടപെടലിൽ ഒക്ടോബർ 25ന് യുദ്ധം അവസാനിച്ചു. ഇസ്രായേലിനും സഹായ രാജ്യങ്ങൾക്കും എണ്ണ നൽകുന്നത് നിർത്തിവയ്ക്കാൻ സൗദിയുടെ നേതൃത്വത്തിൽ മുസ്ലിം രാജ്യങ്ങൾ തീരുമാനിച്ചു. ഇസ്രായേൽ ഈ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാത്തതിനാൽ അവരെ നേരിട്ട് ബാധിച്ചില്ല. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, കാനഡ, നെതർലാന്റ്സ് എന്നീ രാജ്യങ്ങൾ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകിയിരുന്നു. എണ്ണ ലഭിക്കാതെ വന്നത് ഇവർക്ക് വലിയ തിരിച്ചടിയായി. എണ്ണയുടെയും വാതകത്തിന്റെയും വിതരണം കുറഞ്ഞതോടെ വില കുതിച്ചുകയറി. ബാരലിന് മൂന്ന് ഡോളറിൽ നിന്ന് 11 ഡോളറിലേക്ക് ഉയർന്നു. ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. എണ്ണ ഇറക്കുമതി ചെയ്തിരുന്ന പാശ്ചാത്യരാജ്യങ്ങൾ ഞെരുക്കത്തിലായി. 1974 മാർച്ചിൽ എണ്ണ വിതരണം പുനഃസ്ഥാപിച്ചെങ്കിലും ഇസ്രായേലിനെ പരാജയപ്പെടുത്താനായില്ല. പക്ഷേ, സൗദി എണ്ണ മേഖലയിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയർന്നു. പശ്ചിമേഷ്യയിലെ എണ്ണ ഖനന മേഖലയിൽ സ്വാധീനം വർധിപ്പിച്ചാണ് അമേരിക്ക പിന്നീട് കരുക്കൾ നീക്കിയത്. ഇറാനെ കൂടുതൽ ശത്രുപക്ഷത്ത് നിർത്തി പശ്ചിമേഷ്യയിൽ വിഭജനത്തിന് ശ്രമിക്കുകയും ചെയ്തു.
എന്നാൽ ചൈനയുടെ ഇടപെടലുണ്ടായതോടെ സൗദിയും ഇറാനും ഇപ്പോൾ കൈകോർത്തിരിക്കുകയാണ്. ഇറാന്റെ പുതിയ നിർദേശം സൗദി അംഗീകരിച്ചാൽ എണ്ണ വില ബാരലിന് നിലവിലെ 82 ഡോളറിൽ നിന്ന് 157 ഡോളർ വരെ ഉയർന്നേക്കും. ഇതാകട്ടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യും.