Uncategorized

ഇസ്രായേൽ കരാർ ‘മരവിപ്പിച്ച്’ സൗദി..? ഇറാനോട് അടുക്കുന്നുവോ, യുദ്ധം വഴിത്തിരിവിലേക്കോ..

ഹമാസിനെതിരായ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലുമായുള്ള വിദേശനയത്തിൽ പുനർവിചിന്തനവുമായി സൗദി അറേബ്യ. ഇസ്രായേലുമായുള്ള കരാറുകൾ തൽക്കാലം മരവിപ്പിച്ച് പലസ്തീനെ പിന്തുണയ്ക്കുന്ന ഇറാനുമായി കൂടുതൽ അടുക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത് എന്നാണ് റിയാദുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിനെതിരായ നീക്കത്തിൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ സൗദി അറേബ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ പുതിയ നീക്കം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഇതാദ്യമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നതിന് മുൻപ് മിഡിൽ ഈസ്റ്റിനെ പുനർനിർമ്മിക്കാവുന്ന സ്ഥിരമായ കരാറിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേൽ, സൗദി നേതാക്കൾ പറഞ്ഞിരുന്നു. സൗദി അറേബ്യ, പലസ്തീനികൾക്കായി ഇസ്രായേൽ കാര്യമായ ഇളവുകൾ നൽകിയില്ലെങ്കിലും യുഎസ് പ്രതിരോധ ഉടമ്പടി പാളം തെറ്റാൻ അനുവദിക്കില്ലെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ഗാസയിൽ ഇസ്രായേൽ നടത്തിയ രൂക്ഷമായ ആക്രമണമാണ് ഇതിന് തിരിച്ചടിയായത് എന്നാണ് റിപ്പോർട്ട്. കരാറിൽ നിന്ന് പൂർണമായി പിന്മാറിയിട്ടില്ലെങ്കിലും ചർച്ചകൾ തൽക്കാലം തുടരാനാവില്ലെന്നാണ് സൗദി നിലപാട് എന്നാണ് റിപ്പോർട്ട്. ചർച്ചകൾ പുനരാരംഭിക്കുമ്പോൾ പലസ്തീനികൾക്കുള്ള ഇസ്രായേൽ ഇളവുകളുടെ വിഷയത്തിന് വലിയ മുൻഗണന നൽകണം എന്ന ഉപാധി സൗദി മുന്നോട്ട് വെച്ചേക്കും. പലസ്തീൻ പ്രശ്നം ഒരു പ്രധാന അറബ് ആശങ്കയായി തുടരുന്നതിനാൽ ഇസ്രായേലിന്റെ ഏകീകരണം ആഴത്തിലാക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങൾക്ക് സൗദിയുടെ പുനർവിചിന്തനം വെല്ലുവിളിയാകും. ഹമാസ് ആക്രമണത്തെ അപലപിക്കാൻ വാഷിംഗ്ടൺ ഈ ആഴ്ച റിയാദിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പിന്മാറിയതായാണ് വൃത്തങ്ങൾ പറയുന്നത്. അതേസമയം മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പലസ്തീനെ പിന്തുണയ്ക്കാനും മേഖലയിൽ യുദ്ധം പടരുന്നത് തടയാനും റൈസി അഭ്യർത്ഥിച്ചു എന്നാണ് വിവരം. ഫോൺ സംഭാഷണം 45 മിനിറ്റ് നീണ്ടുനിന്നു. എന്നാൽ സൗദി സർക്കാർ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. പല തവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ ആക്രമണം നിർത്താൻ തയ്യാറാകാത്തത് അറബ് രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ സായുധമായ ഒരു നീക്കത്തിനും അറബ് രാജ്യങ്ങൾ മുതിരില്ലെങ്കിലും സമാധാന-ഐക്യ ചർച്ചകൾ നിലയ്ക്കാനും സാമ്പത്തിക പദ്ധതികൾ മന്ദഗതിയിലാകാനും സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *