NATIONAL NEWS

രാഷ്ട്രപതി ഒപ്പുവെച്ചു, ഡൽഹി ഓർഡിനൻസ് അടക്കം നിയമമായി; കനത്ത എതിർപ്പുയർത്തി പ്രതിപക്ഷനിര

പാർലമെന്റിന്റെ വർഷകാല സെഷനിൽ പാസാക്കിയ നാല് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഇതോടെ ഡൽഹി ഓർഡിനൻസ് അടക്കമുള്ള നിയമമായിരിക്കുകയാണ്. ഡൽഹിയിലെ വിവാദ ഓർഡിനൻസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതിൽ കേന്ദ്രത്തിന് പൂർണ അധികാരം നൽകുന്നതാണ്. രാഷ്ട്രപതി ഒപ്പിട്ടതോടെ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്രമായിരിക്കും. ഡിജിറ്റൽ ഡാറ്റ സംരക്ഷ നിയമമവും അതോടൊപ്പം നിയമമായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് തടയുകയെന്നതാണ് നിയമത്തിന്റെ ഉദ്ദേശലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. അനുവാദമില്ലാതെ തന്റെ വ്യക്തിവിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ നിയമം പൗരന് അവകാശം നൽകുന്നുണ്ട്.ജൻവിശ്വാസ് ബിൽ, ജനന-മരണ രജിസ്ട്രേഷൻ ബിൽ എന്നിവയാണ് രാഷ്ട്രപതി ഒപ്പിട്ട മറ്റ് രണ്ട് ബില്ലുകൾ. ഇതിൽ രണ്ട് ബില്ലുകൾക്ക് വലിയ എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. പ്രതിപക്ഷ പാർട്ടികൾ ഇവയെ രൂക്ഷമായി എതിർത്തു. അതിൽ ഡൽഹി സർവീസസ് ബില്ലാണ് ഏറ്റവും പ്രശ്നമുണ്ടാക്കിയത്. ഇന്ത്യ പ്രതിപക്ഷ സഖ്യം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ബില്ലിൽ വോട്ടെടുപ്പ് നടത്തിയപ്പോൾ പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നിറങ്ങി പോയിരുന്നു. എഎപിയിൽ നിന്ന് ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രത്തിന് ഇതോടെ ലഭിക്കും. ഡൽഹിയിലെ ജനങ്ങളെ അടിമകളായി കാണുന്ന തീരുമാനമാണിതെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചത്. പാർലമെന്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിനെ ശക്തമായി പിന്തുണച്ചിരുന്നു. എട്ട് വർഷത്തെ പോരാട്ടത്തിന് ശേഷം ഡൽഹി സർക്കാരിന് അനുകൂലമായി നേരത്തെ സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനാണ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിൽ അടക്കം തീരുമാനമെടുക്കാനുള്ള അധികാരമെന്നായിരുന്നു കോടതി വിധി. ഇതിനെ മറികടക്കാൻ കൂടിയാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. പാർലമെന്റിന് നിയമനിർമാണം നടത്താനുള്ള അധികാരമുണ്ട്. തലസ്ഥാന നഗരിയിൽ ഡൽഹിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതിനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഭരണഘടനയിലും അത്തരം പരാമർശങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബില്ലിനെയും പ്രതിപക്ഷം എതിർത്തിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *