മുന്നാട് : ഭയത്തെയും മറവിയെയും അകറ്റാനുള്ള ഉപാധിയാണ് വായനയെന്ന് സന്തോഷ് ഒഴിഞ്ഞവളപ്പ് അഭിപ്രായപ്പെട്ടു. മുന്നാട് ഗവ. ഹൈസ്‌കൂളില്‍ വായന മാസാചരണത്തിന്റെ ഭാഗമായി നടന്ന കാര്‍ട്ടൂണ്‍പ്രദര്‍ശനവും പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വാക്കിലും ജീവിതവും ചരിത്രവും മാറ്റത്തിന്റെ അടയാളങ്ങളും നിലനില്ക്കുന്നുണ്ട്. നിഘണ്ടുവിലെ വിവരണത്തിനപ്പുറത്താണ് വാക്ക് പ്രവര്‍ത്തിക്കുക. വാക്ക്, ഉപയോഗങ്ങളിലൂടെ ഒരു വലിയ കൃതിയാകും. വാക്ക് ലോകത്തോടൊപ്പം ജീവിക്കുന്നു. എന്തിനു വേണ്ടിയാണ് പുസ്തകത്തെക്കുറിച്ച് പലരും
വൈകാരികമാകുന്നതും അനേകം പുസ്തകങ്ങള്‍ വാങ്ങി വീട്ടില്‍ ശേഖരിക്കുന്നതും എന്ന് നാം ആലോചിക്കണം. സഹിഷ്ണുതയും സഹാനുഭൂതിയും വളര്‍ത്തിയെടുക്കുവാനും വായന പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ. രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആനന്ദകൃഷ്ണന്‍ എടച്ചേരി സ്വാഗതവും ദൃശ്യ നന്ദിയുംപറഞ്ഞു.