KERALA NEWS

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: 17 ൽ 9 വാർഡിലും വിജയം,

സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് മുന്നേറ്റം. ഒരു സ്വതന്ത്ര ഉൾപ്പെടേ 17 ൽ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽ ഡി എഫും ഒരു സീറ്റിൽ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. ജില്ലയിലെ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോൺഗ്രസിലെ ടി പി സോമൻ 60 വോട്ടിനാണ് വിജയിച്ചത്. എറണാകുളത്തെ തന്നെ പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ദീപ്തി പ്രൈജു 79 വോട്ടിനാണ് വിജയിച്ചത്. നേരത്തെ എൽഡിഎഫ് ആയിരുന്നു ഇവിടെ വിജയിച്ചത്. വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11 ആം വാർഡായ മുറവൻ തുരുത്ത് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ പതിനേഴാം വാർഡായ പാലോടിക്കുന്നിൽ യു ഡി എഫിന്റെ ഇപി സലിം വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ എൽ ഡി എഫിന്റെ പി പി വിജയനെ 42 വോട്ടിന് മറികടന്നാണ് യുഡിഎഫ് സീറ്റ് നിലനിർത്തിയത്. പതിനേഴാം വാർഡ് മെമ്പർ കോൺഗ്രസിലെ വി ടി സുധാകരന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ചുങ്കത്തറ പഞ്ചായത്തിലെ 14 വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര കെ പി മൈമൂന നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി റസീന സജീമിനെയാണ് മൈമൂന പരാജയപ്പെടുത്തിയത്. മൈമൂനയുടെ വിജയത്തോടെ പഞ്ചായത്തിലെ കക്ഷി നില യു ഡി എഫിനും എൽ ഡി എഫിനും പത്തു വീതമാകും. നിലവിൽ എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുക നറുക്കെടുപ്പിലൂടെയായിരിക്കും. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് യു ഡി എഫ് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡ്, ആലപ്പുഴ തലവടി പഞ്ചായത്തിലെ 13-ാം വാർഡ്, പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയാണ് എൽ ഡി എഫ് യു ഡി എഫിൽ നിന്നും പിടിച്ചെടുത്തത്. തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എസ് അനുപമയാണ് വിജയിച്ചത്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ 13-ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫിൽ നിന്നും വാർഡ് പിടിച്ചെടുത്തത്. നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. കഴിഞ്ഞ തവണ യു ഡി എഫ് വിജയിച്ച പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് താനിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. തലയോലപ്പറമ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രേഷ്മ പ്രവീൺ ഇടത് സീറ്റ് നിലനിർത്തി. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡാണ് ബിജെപി നിലനിർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *